പുത്തുമല ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർഥനയും പുഷ്പാർച്ചനയും
1579960
Wednesday, July 30, 2025 6:02 AM IST
അനുസ്മരണ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കും
കൽപ്പറ്റ: പുഞ്ചിരിമട്ടം പ്രകൃതി ദുരന്തം സംഭവിച്ച് ഒരാണ്ട് പിന്നിടുന്പോൾ പുത്തുമല ജൂലൈ 30 ഹൃദയഭൂമിയിൽ ഇന്ന് രാവിലെ 10ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. സമാനതകളില്ലാത്ത ദുരന്തത്തിൽ സർക്കാർ സംവിധാനത്തിനൊപ്പം പൊതുസമൂഹം ഒന്നാകെ അണിചേർന്ന രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും മാതൃകാപരമാണ്.
ജില്ലാ ഭരണകൂടവും മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് അനുസ്മരണ യോഗം സംഘടിപ്പിക്കും. ഹൃദയഭൂമിയിലേക്കും തിരിച്ച് മേപ്പാടി ഓഡിറ്റോറിയത്തിലേക്കും പ്രദേശവാസികൾക്ക് എത്താൻ കെഎസ്ആർടിസി സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
മേപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും രാവിലെ ഒന്പത് മുതൽ കെഎസ്ആർടിസി സർവീസ് നടത്തും. പുത്തുമല ഹൃദയ ഭൂമിയിലും മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗങ്ങളിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ്,
പ്രിയങ്ക ഗാന്ധി വാദ്ര എംപി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
322 ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് വിതരണം ചെയ്യും
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 322 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയിൽ അഞ്ച് കുടുംബങ്ങൾക്ക് മന്ത്രിമാർ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യും.
ടൗണ്ഷിപ്പ് ഗുണഭോക്താക്കൾക്കായി സർക്കാർ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട എ, രണ്ടാംഘട്ട ബി പട്ടികകളിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്. ഒരു കുടുംബത്തിന് ഒരു കാർഡ് എന്ന രീതിയിലാണ് കാർഡ് വിതരണം ചെയ്യുന്നത്. കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങൾ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിത പ്രദേശത്തെ 250 വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ
കൽപ്പറ്റ: ദുരിതബാധിത പ്രദേശത്തെ 250 വിദ്യാർഥികളുടെ പഠനത്തിന് ലാപ്ടോപ്പുകൾ. പത്ത്, പ്ലസ് ടു, എംബിഎ, സിഎംഎ കോഴ്സുകളിൽ പഠിക്കുന്ന 250 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് അനുവദിച്ചത്.
ഇതിൽ 10 വിദ്യാർഥികൾക്ക് ജൂലൈ നാലിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലാപ്ടോപ് വിതരണം ചെയ്തിരുന്നു.
കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയിൽ 10 വിദ്യാർഥികൾക്ക് കൂടി ലാപ്ടോപ് വിതരണം ചെയ്യും.