പുഞ്ചിരിമട്ടം ദുരന്തം: യൂത്ത് കോണ്‍ഗ്രസ് രാപകൽ സമരം ആരംഭിച്ചു
1579963
Wednesday, July 30, 2025 6:02 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും അവഗണന തുടരുന്ന സംസ്ഥാന സർക്കാരിന്റെ അനങ്ങപ്പാറ നയത്തിൽ പ്രതിഷേധിച്ചു കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം തുടങ്ങി. ദുരന്ത ബാധിതരുടെ ലിസ്റ്റ് ഉണ്ടാക്കാൻ ഒരു വർഷം പൂർത്തിയാകുന്പോഴും സർക്കാരിന് സാധിച്ചിട്ടില്ല.
ഒരു തരത്തിലും ഉത്തരവാദിത്വം കാണിക്കാത്ത സംസ്ഥാന സർക്കാർ സന്പൂർണ പരാജയമാണെന്ന് രാപകൽ സമരം ഉദ്ഘാടനം ചെയ്ത ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
ഇലക്ഷൻ സമയത്ത് പിആർ വർക്കിന് ഉപയോഗിക്കാൻ വേണ്ടിയാണ് സർക്കാർ പുനരധിവാസം വച്ച് താമസിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർ മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, പി.പി. ആലി, കെ.ഇ. വിനയൻ, ബി. സുരേഷ് ബാബു, സി.എ. അരുണ്‍ദേവ്, ലയണൽ മാത്യു, ജഷീർ പള്ളിവയൽ, അഫ്സൽ ചീരാൽ, നിത കേളു, ശ്രീജിത്ത് കുപ്പാടിത്തറ, ഹർഷൽ കോന്നാടൻ, അനീഷ് റാട്ടക്കുണ്ട്, ബിൻഷാദ് കെ. ബഷീർ, മുത്തലിബ് പഞ്ചാര, അസീസ് വാളാട്, ഡിന്റോ ജോസ്, ഗൗതം ഗോകുൽദാസ്, മുഹമ്മദ് ഫെബിൻ, കെ. ഹർഷൽ തുടങ്ങിയവർ പ്രസംഗിച്ചു.