മണ്ണ് പരിശോധന കാന്പയിനും കർഷക പരിശീലന പരിപാടിയും നടത്തി
1579958
Wednesday, July 30, 2025 6:02 AM IST
മാനന്തവാടി: ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഷീരോത്പാദക സഹകരണ സംഘം ഹാളിൽ ഏകദിന കർഷക പരിശീലന പരിപാടിയും മണ്ണ് പരിശോധന കാന്പയിനും സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മണ്ണ് സംരക്ഷണത്തിന്റെയും മണ്ണ് പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
കാർഷിക അഭിവൃദ്ധിക്കായി മണ്ണ് പരിപാലനം എന്ന വിഷയത്തിൽ സീനിയർ കെമിസ്റ്റ് എം. രവി (സോയിൽ അനലിറ്റിക്കൽ ലാബ് വയനാട്), സസ്യപോഷക മൂലകങ്ങളുടെ പ്രാധാന്യവും മണ്ണ് പരിശോധനയും എന്ന വിഷയത്തിൽ എം. രാഹുൽ രാജ് (ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസർ) എന്നിവർ സെമിനാറുകൾ നയിച്ചു.
മാനന്തവാടി ബ്ലോക്കിലെ 200 ഓളം കർഷകർ പങ്കെടുത്തു. ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വി. അബ്ദുൾ ഹമീദ്, മാനന്തവാടി കൃഷി ഓഫീസർ കെ.എസ്. ആര്യ, മണ്ണ് പര്യവേക്ഷണ ഓഫീസർ എം. രാഹുൽ രാജ് എന്നിവർ പ്രസംഗിച്ചു.