കാട്ടാനകളെ മുതുമലയിലെ ഉൾവനത്തിലേക്ക് തുരത്തും: യോഗം വിളിച്ചു ചേർത്തു
1579768
Tuesday, July 29, 2025 8:15 AM IST
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് അന്പലമൂല പള്ളിയിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം വിളിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാർ കാട്ടാന ശല്യത്തിനെതിരേ അന്പലമൂലയിൽ റോഡ് ഉപരോധ സമരം നടത്തിയിരുന്നു. യോഗം വിളിച്ചു ചേർക്കാമെന്ന അധികാരികളുടെ ഉറപ്പിനെത്തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചിരുന്നത്.
കാട്ടാനകളെ മുതുമല വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുരത്തിയോടിക്കുക, വനാതിർത്തിയിൽ വെർച്വൽ സോളാർ ഫെൻസിംഗ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർ യോഗത്തിൽ ഉന്നയിച്ചു. ഈ ആവശ്യങ്ങൾ അധികാരികൾ അംഗീകരിച്ചു. ആനമലയിലെ സോളാർ വെർച്വൽ ഫെൻസിംഗ് സംവിധാനം അന്പലമൂലയിൽ പരീക്ഷിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ആനകളെ തുരത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. നൂറുകണക്കിന് പേർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, സിഐ രാജേന്ദ്ര പ്രസാദ്, ഗൂഡല്ലൂർ റേഞ്ചർ രാധാകൃഷ്ണൻ, അഡ്വ.എം. ദ്രാവിഡമണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.