പരിസ്ഥിതി ധ്വംസനം തുടരുന്നു: വയനാട് പ്രകൃതിസംരക്ഷണ സമിതി
1579766
Tuesday, July 29, 2025 8:15 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന് ശേഷവും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും വികസന ജ്വരം മൂർച്ഛിച്ച സംഘടിത ലോബികളും പരിസ്ഥിതി ധ്വംസനത്തിൽ നിന്നും അണുവിട പിൻവാങ്ങിയിട്ടില്ലെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി.
പശ്ചിമഘട്ട മലനിരകൾക്കു നേരെയുള്ള അതിക്രമം പതിൻമടങ്ങ് വർധിക്കുകയാണ്. ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ലോകോത്തര പുനരധിവാസമെന്ന് ഉദ്ഘോഷിക്കപ്പെട്ട ഇരകളുടെ പുനരധിവാസം മറ്റൊരു ദുരന്തമായി നാടിനെ വേട്ടയാടുകയാണിപ്പോഴും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ 800 ഓളം കോടിയിൽ ദുരിത ബാധിതരായവർക്ക് ഒരു കോടി രൂപ വച്ച് പണമായി നൽകിയാൽ പോലും ഇരകൾ എന്നേ രക്ഷപ്പെട്ടേനെ. അവർ ജീവിതം കരുപ്പിടിപ്പിച്ചേനെ. ടൗണ്‍ഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തൻ വെള്ളാനയാണ്. ഒരു വർഷമായിട്ടും മാതൃകാ വീടിന്റെ നിർമാണം പോലും പൂർത്തിയായിട്ടില്ല. ഏറ്റവും മുന്തിയ വീടു നിർമാണ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചാലും 15 ലക്ഷം രൂപയ്ക്ക് അനായാസം തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെൻഡർ വിളിക്കാതെയാണ് നൽകിയത്.
സർക്കാരിന് പൂർണ ഉടമസ്ഥതയുള്ളതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും വിധിയെഴുതിയ തോട്ടഭൂമി കോടികൾ പ്രതിഫലം നൽകി ഏറ്റെടുത്തതും അഴിമതിയാണ്. പ്രതിപക്ഷ നേതാവ് ഇതിനെതിരേ ഒരക്ഷരം മിണ്ടിയിട്ടില്ല.
ദുരിതാശ്വാസ നിധിയിലെ ഭീമമായ തുകയിൽ 200 കോടി നീക്കി വച്ചത് മുണ്ടക്കൈ, ചൂരൽമല പ്രദശത്തേ റോഡ് നിർമാണത്തിനും ചൂരൽമല ടൗണ്‍ പുനരുജ്ജീവനത്തിനുമാണ്. ദുരന്ത ശേഷം മനുഷ്യരൊന്നും കാര്യമായി അധിവസിക്കാത്ത പ്രദേശത്തൂടെ റോഡുകൾ നിർമിക്കാൻ ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ കൊടുത്തത് റിസോർട്ടുകാരെയും ഊരാളുങ്കലിനെയും ഒന്നിച്ചു സഹായിക്കാനാണ്.
വലിയൊരു തുക മാറ്റിവച്ചത് പുന്നപ്പുഴ പുനരുജ്ജീവനത്തിനാണ്. അതി ഭയാനകയായ മണ്ണിടിച്ചിലിന്ന് ശേഷം ലക്ഷക്കണക്കിന്ന് ടണ്‍ മണ്ണും പാറയും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷകക്ഷികളോ സ്ഥലം എംഎൽഎയൊ എംപിയോ ചോദ്യം ചെയ്യാത്തത് അർഥഗർഭമാണ്. പതിനായിരക്കണക്കിന് ഘന മീറ്റർ പാറയിലാണ് ഇവരുടെ കണ്ണ് എന്ന് വ്യക്തമാണ്.
ജോണ്‍ മത്തായി കമ്മിറ്റി അപഹാസ്യവും അസംബന്ധവുമായ ശിപർശകളാണ് സമർപ്പിച്ചത്. ദുരന്തത്തെക്കുറിച്ച് വസ്തുനിഷ്ടമായും ആഴത്തിലുള്ളതുമായ പഠനം ജോണ്‍ മത്തായി നടത്തിയില്ല. കമ്മിറ്റി നിശ്ചയിച്ച ഗോ സോണും നോ ഗോ സോണും അശാസ്ത്രീയവും ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായിരുന്നു.
വയനാട്ടിലെ മലഞ്ചരിവുകളിലുള്ള അനധികൃത അനിയന്ത്രിത ടൂറിസം ഇന്നും അരങ്ങുതകർക്കുകയാണ്. മലഞ്ചരിവുകളിലെ അരക്ഷിത പ്രദേശങ്ങളിൽ താമസിക്കുന്ന 4500 കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച വിവിധ കമ്മിറ്റികൾ ശിപാർശ ചെയ്തിനെക്കുറിച്ച് സർക്കാരോ ജനപ്രതിനിധികളോ ചിന്തിക്കുന്നില്ല. അവരെ മാറ്റിപ്പാർപ്പിക്കുന്നതിന്നു പകരം കള്ളാടിയിൽ നിന്നും ആനക്കാംപൊയിലിലെക്ക് ഇരട്ട തുരങ്കം നിർമിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് സർക്കാർ.
റിയൽ എസ്റ്റേറ്റു മാഫിയക്കും വൻകിട കരാറുകാർക്കും വേണ്ടിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തച്ചന്പത്ത് രാമകൃഷ്ണൻ, ബാബു മൈലന്പാടി, തോമസ് അന്പലവയൽ, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, എം. ഗംഗാധരൻ, സണ്ണി മരക്കടവ്, ഒ.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.