കാട്ടാന ശല്യത്തിന് അറുതിയില്ല: മൂടക്കൊല്ലിയിലെ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്ത്
1579462
Monday, July 28, 2025 5:57 AM IST
സുൽത്താൻ ബത്തേരി: മൂടക്കൊല്ലി, വാകേരി മേഖലയിലെ കാട്ടാനശല്യം അനുദിനം വർധിച്ചുവരുന്പോഴും വനം വകുപ്പ് നിസംഗത പുലർത്തുകയാണെന്ന് പ്രദേശവാസികൾ. കാട്ടാന ശല്യത്താൽ പൊറുതിമുട്ടിയ ജനങ്ങൾ വനം വകുപ്പിനെതിരേ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസവും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി പ്രദേശത്തെ നാല് കർഷകരുടെ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. സ്ഥിരമായി കാട്ടാന ഒരേ മേഖലയിലൂടെ എത്തിയിട്ടും പ്രതിരോധിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം മൂടക്കൊല്ലിയിലെ ചെരിക്കപറന്പിൽ രഞ്ജിത്ത്, കരികുളത്ത് അജീഷ്, കാട്ടികൊല്ലി വാസു എന്നിവരുടെ തെങ്ങ്, കാപ്പി, വാഴ എന്നീ വിളകളാണ് തആന നശിപ്പിച്ചത്. രണ്ട് ആനകളാണ് മേഖലയിൽ സ്ഥിരമായി എത്തുന്നത്. വനാതിർത്തിയിലെ പ്രതിരോധ വേലിയും കിടങ്ങുമില്ലാത്ത ഭാഗത്തുകൂടെയാണ് ജനവാസമേഖലയിലേക്ക് ആന എത്തുന്നത്. ആനയിറങ്ങുന്നത് പ്രതിരോധിക്കാൻ നടപടിയെടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടങ്കിലും യാതൊരു മടപടിയും സ്വീകരിച്ചില്ല.
സന്ധ്യമയങ്ങുന്നതോടെ ആനയുടെ താവളമായി മാറുകയാണ് ഇവിടുത്തെ ജനവാസമേഖലകൾ. ശല്യക്കാരായ ആനകളെ മയക്കുവെടിവച്ച് പിടികൂടുകയോ വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ ശക്തമായ നടപടിയോ സ്വീകരിച്ചില്ലെങ്കിൽ മേഖലയിൽ വനം വകുപ്പിനെതിരെ ശക്തമായ പ്രതിരോധം ഏർപ്പെടുത്തുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.