അങ്കണവാടി പ്രവർത്തകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു
1579770
Tuesday, July 29, 2025 8:15 AM IST
കൽപ്പറ്റ: അങ്കണവാടി പ്രവർത്തകർക്കായി ശൈശവ പൂർവകാല വിദ്യാഭ്യാസവും പരിചരണവും എന്ന വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസ് ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ വാർത്തെടുക്കുന്നതിൽ വളരെ വലിയ പങ്കാണ് അങ്കണവാടി അധ്യാപകർ വഹിക്കുന്നതെന്നും അതിനു തക്കവണ്ണം ഉയർന്ന പ്രാധാന്യം അങ്കണവാടി പ്രവർത്തകർക്ക് ലഭിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
കൽപ്പറ്റ മുനിസിപ്പൽ കൗണ്‍സിലർ എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.വി. പ്രജിത്ത് കുമാർ, ഐസിഡിഎസ് സിഡിപിഒ കെ. സന്ധ്യ, സൂപ്പർവൈസർ കെ. ഷംന തുടങ്ങിയവർ പ്രസംഗിച്ചു. മോണ്ടിസോറി ട്രെയ്നർ പ്രഭിത ജയരാജ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ മജേഷ് രാമൻ എന്നിവർ ക്ലാസെടുത്തു.
തുടർന്ന് കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് ക്ലാസും ക്വിസ് മത്സരവും നടന്നു. ബാലുശേരി മനോരഞ്ജൻ ആർട്സ് അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി. ഐസിഡിഎസ് കൽപ്പറ്റ പ്രോജക്ട് ഓഫീസിന്റെ സഹകരണത്തോടെയാണ് ഏകദിന ശില്പശാല നടത്തിയത്. പ്രോജക്ടിനു കീഴിലെ അങ്കണവാടി അധ്യാപകർ പങ്കെടുത്തു.