അതിഥി തൊഴിലാളികളുടെ വാസസ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം: ജില്ലാ വികസന സമിതി
1579101
Sunday, July 27, 2025 5:27 AM IST
കൽപ്പറ്റ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ വാസസ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കളക്ടറേറ്റിലെ ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർദേശം നൽകി.
പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസിക്കുന്നവർക്ക് വിവിധ ആവശ്യങ്ങൾക്ക് വനം വകുപ്പിന്റെ എൻഒസി ആവശ്യമാകുന്നതിനാൽ ഐടിഡിപിയും വനം വകുപ്പും സംയുക്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഉന്നതിക്കാർക്ക് പട്ടയം അനുവദിക്കുന്നതിനു നടപടികളിൽ തീരുമാനം എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേയുടെ ഓരങ്ങളിലെ കാട് വെട്ടിമാറ്റാനും പുൽപ്പള്ളി-ചേകാടി റോഡിൽ വനത്തിലൂടെയുള്ള ഭാഗങ്ങളിൽ ഒടിഞ്ഞുവീഴാറായ മരങ്ങൾ മുറിച്ചുമാറ്റാനും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർദേശം നൽകി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിന് 26 തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ലഭിച്ച 585 അപേക്ഷകളുടെ അടിസ്ഥാനത്തിൽ 407 മരങ്ങൾ മുറിച്ചുമാറ്റി. നാഷണൽ ഹൈവേയിലും വനം വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ ഒരാഴ്ചയ്ക്കകം മുറിച്ചുമാറ്റണം.
ഓരോ തദ്ദേശ സ്ഥാപനവും അതിനു കീഴിലുള്ള ജല സംഭരണികൾ പരിശോധിക്കണം. അപകടങ്ങൾ ഒഴിവാക്കുന്നതിന് ശക്തമായ നിരീക്ഷണം നടത്തണം. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഡ്രോപ്പ് ഒൗട്ട് ഫ്രീ പദ്ധതി നടപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.
ബാണാസുര ഡാമിനുവേണ്ടി ഏറ്റെടുത്ത കുതിരപാണ്ടി റോഡിന് പകരം അനുവദിച്ച പാത സഞ്ചാരയോഗ്യമാക്കുന്നതിന് കഐസ്ഇബി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അനധികൃത ടെന്റുകൾ, സുരക്ഷാ സംവിധാനങ്ങളില്ലാത്ത റിസോർട്ടുകൾ, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ മാർഗനിർദേശങ്ങൾ പാലിക്കുന്നപക്ഷം നിയമ വിധേയമാക്കാൻ മാർഗരേഖ തയാറാക്കിയതായി എഡിഎം അറിയിച്ചു.
15 കോടി രൂപ ചെലവഴിച്ച് മാസങ്ങൾ മുന്പ് നവീകരിച്ച മുള്ളൻകൊല്ലി-മരക്കടവ് റോഡ് തകർന്ന അവസ്ഥയിലാണെന്നു പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ് ചൂണ്ടിക്കാട്ടി. റോഡിന്റെ ശോച്യാവസ്ഥയ്ക്കു സത്വര പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു.
ബത്തേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി എത്രയും പെട്ടന്നു പ്രവർത്തനക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന തുടങ്ങിയവരും പങ്കെടുത്തു.