വാഹനപരിശോധനയ്ക്കിടെ കൊക്കയിൽ ചാടിയ യുവാവ് പിടിയിൽ
1579103
Sunday, July 27, 2025 5:27 AM IST
വൈത്തിരി: താമരശേരി ചുരത്തിലെ ഒന്‍പതാം വളവിനു സമീപം വ്യൂപോയിന്റിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കൊക്കയിൽ ചാടിയ യുവാവ് പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെയാണ്(30)വൈത്തിരി പോലീസ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാവിലെയാണ് ഇയാൾ കൊക്കയിൽ ചാടിയത്.
പോലീസും ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സും ഡ്രോണ്‍ ഉൾപ്പെടെ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഷെഫീഖ് സഞ്ചരിച്ച കാറിൽ പരിശോധനയിൽ 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ ലക്കിടി ഓറിയന്റൽ കോളജ് പരിസരത്ത് ഇയാളെ കണ്ടതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
യുവാവിനെ വൈത്തിരി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2025 ഫെബ്രുവരിയിൽ മുത്തങ്ങയിൽ 93 ഗ്രാം എംഡിഎംഎയുമായി ഷെഫീഖ് ബത്തേരി പോലീസിന്റെ പിടിയിലായിരുന്നു.