കരടി ആക്രമണത്തിൽ പരിക്കേറ്റയാൾ ദുരിതത്തിൽ
1579099
Sunday, July 27, 2025 5:27 AM IST
സുൽത്താൻ ബത്തേരി: കരടികളുടെ ആക്രമണത്തിൽ പരിക്കേറ്റ പട്ടികവർഗക്കാരൻ ദുരിതത്തിൽ. ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിയാണ്(45)ദുരിതം അനുഭവിക്കുന്നത്. ചികിത്സയ്ക്കു പണമില്ലാതെ വിഷമിക്കുകയാണ് ഇദ്ദേഹം. പരിക്കു മാറാത്തതിനാൽ ജോലിക്കുപോകാൻ കഴിയുന്നില്ല.
കഴിഞ്ഞ ഏപ്രിലിൽ വിറക് ശേഖരിക്കാൻ വനത്തിൽ പോയപ്പോഴാണ് ഗോപിയെ രണ്ട് കരടികൾ ആക്രമിച്ചത്. ഗോപിയുടെ ഇടതുകൈത്തണ്ടയ്ക്ക് ഗുരുതര പരുക്കറ്റു. കഴുത്തിലും ചുമലിലും കരടികളുടെ നഖമിറങ്ങി മുറിവേറ്റു. ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. ചുമലിലെയും കഴുത്തിലെയും മുറിവ് ഉണങ്ങിയെങ്കിലും കൈത്തണ്ടയുടെ പരിക്ക് പൂർണമായും മാറിയില്ല.
വന്യമൃഗ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിത്തിലും ഗോപിക്ക് നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല. ഇതിൽ ഉന്നതിയിലും പുറത്തും ഉള്ളവരിൽ പ്രതിഷേധം ശക്തമാണ്. നഷ്ടപരിഹാരം അനുവദിക്കുന്നതു വൈകിയാൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.