ജില്ലാ നിക്ഷേപ സംഗമം നടത്തി
1580459
Friday, August 1, 2025 5:59 AM IST
കൽപ്പറ്റ: വയനാടെന്ന പേര് കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ എം.എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള സ്ഥലമാണ് വയനാട്. അത് പൂർണാർത്ഥത്തിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. വയനാടിന്റെ പേരിന് നല്ല വിപണിമൂല്യമുണ്ട്. എന്നാൽ എത്ര പേർക്ക് ഈ മൂല്യം ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാടെന്ന ബ്രാന്റ് ഉപയോഗപ്പെടുത്തി പൊതു വിപണിയിൽ കാപ്പിക്കും മഞ്ഞളിനും വിജയമുണ്ടാക്കാൻ സാധിച്ചു. കാലത്തിനനുസരിച്ച് വ്യവസായ സംരംഭങ്ങളിലും മാർക്കറ്റിംഗ് മേഖലകളിലും മാറ്റം വരുത്താൻ സംരംഭകർ തയാറാകണം.
മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി. ഗോപകുമാർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ബി. മുഹമ്മദ് ബഷീർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.എസ്. കലാവതി, ഉപജില്ലാ വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.