വന്യമൃഗശല്യം: മൂടക്കൊല്ലിയിൽ പ്രതിരോധ ജാഥയും യോഗവും നടത്തി
1580127
Thursday, July 31, 2025 6:00 AM IST
സുൽത്താൻ ബത്തേരി: വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മൂടക്കൊല്ലി, കൂടല്ലൂർ പ്രദേശങ്ങളിലെ കർഷകർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിരോധ ജാഥയും യോഗവും നടത്തി.
’ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ജീവിക്കണം, ഞങ്ങൾ മൃഗങ്ങളുടെ ഇരകളല്ല’ എന്ന മുദ്രാവാക്യമുയർത്തിയും അന്പുംവില്ലും, കവണ, കുന്തം, എയർ ഗണ്‍, വടി തുടങ്ങിയവ ഏന്തിയുമായിരുന്നു മൂടക്കൊല്ലിയിൽ പരിപാടി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തിയാൽ വനംവകുപ്പിനെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി. മധു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം രുക്മിണി സുബ്രഹ്മണ്യൻ, സണ്ണി സെബാസ്റ്റ്യൻ, കെ.പി. തറുവൈക്കുട്ടി, കെ.ജി. ശ്രീനേഷ്, വി.ആർ. മോഹനൻ, കെ.കെ. ഷിബി,കെ.എസ്. ബിനു എന്നിവർ പ്രസംഗിച്ചു. കെ.ആർ. ബാബു സ്വാഗതവും സുരേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.