കെഎസ്ഇബി ജീവനക്കാരന്റെ സസ്പെൻഷൻ: എംപ്ലോയീസ് കോണ്‍ഫെഡറേഷൻ ധർണ നടത്തി
1581224
Monday, August 4, 2025 5:57 AM IST
കൽപ്പറ്റ: കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചതിന്റെ പേരിൽ ഓവർസീയർ ബിജുവിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ(ഐഎൻടിയുസി)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്പിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ജംഹർ ഉദ്ഘാടനം ചെയ്തു.
ജോലിക്കിടയിൽ അപകടംപറ്റി മൂന്ന് മാസം അവധിയിലായിരിക്കുന്ന ജീവനക്കാരനെ അനധികൃതമായി വൈദ്യുത ലൈനിനു ചുവട്ടിൽ ഷെഡ് നിർമിച്ചവരെയും പിന്നിട് സിഗിൾ ഫേയ്സ് ലൈൻ ത്രീ ഫെയ്സ് ലൈനാക്കുന്ന പ്രവൃത്തി നടത്തിയവരെയും സംരക്ഷിക്കുന്നതിന് ബലിയാടാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാമഗ്രികളുടെ നിലവാരത്തകർച്ചയും കാലപ്പഴക്കവും പ്രകൃതിക്ഷോഭവും പൊതുജനങ്ങളുടെ അനാസ്ഥ മൂലവും ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം പോലും ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് ജനരോഷത്തിൽനിന്നു രക്ഷപ്പെടാനാണ് സർക്കാരും ബോർഡ് മാനേജ്മെന്റും ശ്രമിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കന്പിയും പോസ്റ്റും മാറ്റി ഇൻസുലേഷനുള്ള കേബിളും പുതിയ പോസ്റ്റുകളും സ്ഥാപിക്കാതെ അപകടങ്ങൾ കുറയ്ക്കാനാകില്ല.
വൈദ്യുത ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ട ജീവനക്കാരുടെ 10,000 ഓളം തസ്തികകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുകയാണ്. അറ്റകുറ്റപ്പണി പലേടത്തും നടക്കുന്നില്ല. രാപകൽ അധ്വാനിക്കുന്ന ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതിൽനിന്നു കഐസ്ഇബി മാനേജ്മെന്റ് പിൻമാറണമെന്നും ജംഹർ ആവശ്യപ്പെട്ടു. അബ്ദുൾ അസീസ്, വാസുദേവൻ, വിജയൻ എന്നിവർ പ്രസംഗിച്ചു.