പുഞ്ചിരിമട്ടം ദുരന്തം: അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ
1580718
Saturday, August 2, 2025 5:52 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ ഒന്നാം വാർഷികദിനത്തിൽ മേപ്പാടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ഘടകങ്ങൾ.
ദുരന്തം നടന്നതുമുതൽ ദിവസങ്ങളോളം സേവനം ചെയ്ത വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും അനുസ്മരണ സമ്മേളനത്തിലേക്ക് വിളിക്കാത്തതിലുള്ള പ്രതിഷേധം ജില്ലാ കളക്ടറെ രേഖാമൂലം അറിയിച്ചതായി സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിന്പനയ്ക്കൽ, ഇ. ഹൈദ്രു, പി. അജിത്ത്, വി.എം. മുജീബ്, അഷ്റഫ് കൊട്ടാരം, കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ, സെക്രട്ടറി യു. സുബൈർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് വിവിധ പാർട്ടി-സംഘടനാ നേതാക്കൾക്ക് ക്ഷണക്കത്ത് അയച്ചത് കളക്ടറേറ്റിൽനിന്നാണ്. ഈ അവസരത്തിൽ വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും മറന്നു.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്പോഴൊക്കെ ആവശ്യമായ സഹായം എപ്പോഴും ചെയ്യുന്ന വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും സർക്കാർ പരിപാടികളിൽനിന്നു ഒഴിവാക്കുന്നത് ബോധപൂർവമാണെന്ന് സംശയിക്കണം. മുന്‍പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.
പുഞ്ചിരിമട്ടം ദുരന്തത്തെത്തുടർന്ന് രണ്ട് മാസത്തോളം മേപ്പാടിയിൽ ഏകോപന സമിതിയും കെഎച്ച്ആർഎയും ക്യാന്പ് ഓഫീസ് പ്രവർത്തിപ്പിച്ചു. മന്ത്രിസഭാ ഉപസമിതി നിർദേശിച്ചതനുസരിച്ച് ചൂരൽമല റോഡിൽ ഒരു മാസത്തിലധികം കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കി. ഉദ്യോഗസ്ഥരും വിവിധ സേനാംഗങ്ങളും ദുരിതാശ്വാസ പ്രവർത്തകരും അടക്കം മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം എത്തിച്ചു. ഭക്ഷ്യക്കിറ്റുകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം കോടിക്കണക്കിനു രൂപയുടെ സഹായമാണ് ദുരന്തബാധിതർക്ക് ലഭ്യമാക്കിയത്.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ വ്യാപാരികളും ഹോട്ടൽ ഉടമകളും അടക്കം 80 ഓളം പേർ നേരിട്ടും അല്ലാതെയും ദുരന്തബാധിതരാണ്. ഇവരിൽ ആർക്കും നഷ്ടപരിഹാരമോ പുനരധിവാസത്തിന് സാന്പത്തിക സഹായമോ ലഭിച്ചില്ല. ദുരന്ത ഇരകളായ വ്യാപാരികൾക്ക് രണ്ടര കോടിയോളം രൂപയുടെ സഹായം സമിതിയാണ് നൽകിയത്.
ദുരന്തബാധിരുടെ പുനരധിവാസത്തിന് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ സർക്കാർ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കണം. ഇതിലെ മുറികൾ ദുരന്ത ബാധിതരായ വ്യാപാരികളുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്നും സമിതി, കെഎച്ച്ആർഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.