ബസ്സ്റ്റാൻഡിലെ സ്വകാര്യ വാഹന പാർക്കിംഗ് വിനയായി
1580857
Sunday, August 3, 2025 5:54 AM IST
മീനങ്ങാടി: പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസ് ഡ്രൈവർമാർക്ക് വിനയായി. സ്റ്റാൻഡിലേക്ക് കയറുന്നിടത്തും പുറത്തേക്ക് പോകുന്ന വഴിയിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസ് ഡ്രൈവർമാർക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. പരിമിത സൗകര്യമുള്ള സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്നത് പ്രയാസപ്പെട്ടാണ്.
ഇതിനിടെയാണ് സ്റ്റാൻഡിൽ കാർ, ബൈക്ക് തുടങ്ങിയ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ്.
സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് കാറുകൾ നിർത്തിയിടുന്നത്. ഇത് ബസുകളുടെ സുഗമമായ സഞ്ചാരത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
സ്റ്റാൻഡിൽനിന്നു ബസുകൾ പുറത്തേക്ക് പോകുന്ന ഭാഗത്താണ് മീനങ്ങാടി പോലീസ് കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടുന്നത്. പോലീസ് സ്റ്റേഷൻ ദേശീയപാതയോട് ചേർന്നാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പാതയോരത്ത് നിർത്തിയിടുന്നത് ഗതാഗത തടസമുണ്ടാക്കും.
അതിനാലാണ് ബസ്സ്റ്റാൻഡിൽ ബസുകൾ പുറത്തേക്ക് പോകുന്ന ഭാഗത്തെ ആശ്രയിക്കുന്നത്. സ്റ്റാൻഡിലേക്ക് ബസ് ഇറങ്ങുന്നിടത്ത് പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നു ഡ്രൈവർമാർ പറഞ്ഞു.