എസ്പിസി 15-ാം വാർഷികം: കളക്ടർക്കും എസ്പിക്കും ഗാർഡ് ഓഫ് ഓണർ നൽകി
1580859
Sunday, August 3, 2025 5:54 AM IST
കൽപ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നല്ലൂർനാട് എഎംഎംആർജിഎച്ച്എസ്എസിലെ കേഡറ്റുകൾ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കു കളക്ടറേറ്റ് പരിസരത്തും കൽപ്പറ്റ ജിഎംആർഎസിലെ കേഡറ്റുകൾ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്കു ജില്ലാ പോലീസ് ഓഫീസ് പരിസരത്തും ഗാർഡ് ഓഫ് ഓണർ നൽകി. സല്യൂട്ട് സ്വീകരിച്ച കളക്ടറും എസ്പിയും കേഡറ്റുകളുമായി സംവദിച്ചു.
മുണ്ടേരി ജിവിഎച്ച്എസ്എസിൽ ജില്ലാതല ആഘോഷം എസ്പിസി ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്പിയുമായ കെ.ജെ. ജോണ്സണ് ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തിന് കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. പോലീസ് ഇൻസ്പെക്ടർ എ.യു. ജയപ്രകാശ്, എസ്പിസി അസി.ജില്ലാ നോഡൽ ഓഫീസർ കെ. മോഹൻദാസ്, ജനമൈത്രി അസി.ജില്ലാ നോഡൽ ഓഫീസർ കെ.എം. ശശിധരൻ, പിടിഎ പ്രസിഡന്റ് രഞ്ജിത്, എസ്എംസി ചെയർമാൻ സലാം എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപിക സൽമ സ്വാഗതവും എസ്പിസി സിപിഒ അർഷാദ് നന്ദിയും പറഞ്ഞു. ജില്ലയിലെ 42 എസ്പിസി യൂണിറ്റിലും പതാക ഉയർത്തി. പ്രതിജ്ഞ, സ്പെഷൽ പരേഡ്, ക്വിസ് മത്സരം, ഫ്ളാഷ് മോബ്, ബോധവത്കരണ ക്ലാസ്, വിളംബരജാഥ എന്നിവ നടത്തി.
പിണങ്ങോട് സ്കൂളിലെ കേഡറ്റുകൾ പുത്തുമല ഹൃദയഭൂമി സന്ദർശിച്ചു. മൃതകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി. കോളേരി സ്കൂളിലെ കേഡറ്റുകൾ വൃദ്ധസദനം സന്ദർശിച്ചു.