വയനാട് ഗവ.മെഡിക്കൽ കോളജ് : ഭൂമിയുടെ കാര്യത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
1580713
Saturday, August 2, 2025 5:52 AM IST
വയനാട് ഗവ.മെഡിക്കൽ കോളജ് മടക്കിമലയിൽ നിർമിക്കണമെന്ന ആവശ്യം
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് സ്ഥിരനിർമാണത്തിന് മടക്കിമലയിൽ ലഭ്യമായ ഭൂമി ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ- കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഹൈക്കോടതി നിർദേശം. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി കെ.വി. ഗോകുൽദാസിന്റെ ഹർജിയിലാണ് ജസ്റ്റിസ് എൻ. നാഗരേഷിന്റെ നിർദേശം.
2012ലെ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് ഗവ.മെഡിക്കൽ കോളജ് നിർമാണത്തിന് കൈനാട്ടി-പനമരം റോഡിൽ മടക്കിമലയ്ക്കു സമീപം 50 ഏക്കർ ഭൂമി ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയിരുന്നു.
എന്നാൽ പ്രകൃതിദുരന്ത സാധ്യത പറഞ്ഞ് ഈ ഭൂമി മെഡിക്കൽ കോളജിന് ഉപയോഗപ്പെടുത്തിയില്ല. പിന്നീട് കണ്ണൂർ ജില്ലാ അതിർത്തിയോടുചേർന്ന് ബോയ്സ് ടൗണിലാണ് ഭൂമി കണ്ടെത്തിയത്. കേസ് നിലവിലുള്ളതിനാൽ ഇവിടെയും മെഡിക്കൽ കോളജിന് നിർമാണം നടത്താനായില്ല.
മാനന്തവാടിയിൽ ജില്ലാ ആശുപത്രിക്കുണ്ടായിരുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പരിമിതിയാണ്. അപകടങ്ങളിലും വന്യമൃഗ ആക്രമണങ്ങളിലും മറ്റും ഗുരുതര പരിക്കേൽക്കുന്നവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് കോഴിക്കോട്ടെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതി തുടരുകയാണ്.
വയനാട്ടിലെ മിക്ക പ്രദേശങ്ങളിലും ഉള്ളവരെ സംബന്ധിച്ചിടത്തോളം ബോയ്സ് ടൗണ് വിദൂര പ്രദേശമാണ്. എന്നാൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽനിന്നും എളുപ്പം എത്താവുന്ന സ്ഥലമാണ് മടക്കിമല. ഇവിടെ ചന്ദ്രപ്രഭ ട്രസ്റ്റിൽനിന്നു ഏറ്റെടുത്ത ഭൂമിയിലേക്കു റോഡ് നിർമിച്ച ശേഷമാണ് മെഡിക്കൽ കോളജ് പദ്ധതി ഉപേക്ഷിച്ചത്.
മടക്കിമലയിലെ ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ശാസ്ത്രീയ പഠനത്തിലൂടെ ആരും കണ്ടെത്തിയിട്ടില്ല. ചിലരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് മടക്കിമലയിൽ നിർമാണം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിയത്.
ജില്ലയിൽ മെഡിക്കൽ കോളജ് നിർമാണത്തിന് ഏറ്റവും യോജിച്ചത് മടക്കിമലയിലെ ഭൂമിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചതെന്നു സെക്രട്ടറി കെ.വി. ഗോകുൽദാസ് പറഞ്ഞു. മെഡിക്കൽ കോളജിന് പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ മടക്കിമലയിലെ ഭൂമി തിരികെ കിട്ടുന്നതിന് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ ഹർജി നൽകുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
ഭൂമി മെഡിക്കൽ കോളജിന് വീണ്ടും വിട്ടുനൽകാൻ ട്രസ്റ്റ് സന്നദ്ധമാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഉറപ്പ് ലഭിച്ചതായും വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വ.വി.പി. എൽദോ, ജോണ് തയ്യിൽ, സി.എച്ച്. സജത്ത്കുമാർ, ടി. ശശീന്ദ്രൻ എന്നിവർ പറഞ്ഞു.