മന്ത്രി രാജനെ കെട്ടിപ്പിടിച്ച് പുഞ്ചിരിമട്ടം ദുരന്തബാധിതൻ
1580128
Thursday, July 31, 2025 6:00 AM IST
കൽപ്പറ്റ: എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമാണം പൂർത്തിയായ മാതൃകാവീട് കാണാനെത്തിയ റവന്യു മന്ത്രി കെ. രാജനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് ഉരുൾ ദുരന്തബാധിതൻ മുണ്ടക്കൈ റാട്ടപ്പാടി വിജയകുമാർ.
സാധാരണക്കാരനായ എനിക്ക് ഈ ആയുസിൽ കെട്ടിപ്പടുക്കാൻ സാധിക്കാത്ത വീടാണ് സർക്കാർ നിർമിച്ചുനൽകിയത്. വീട് നോക്കിക്കണ്ടു. ഭാവിയിൽ രണ്ട് നിലയാക്കാവുന്നവിധം ഗുണമേൻമയോടുള്ള നിർമാണമാണ് നടന്നത്. ഞങ്ങൾ വർഷങ്ങളായി പാടിയിൽ താമസിക്കുന്നവരാണ്. അരിച്ചുപൊറുക്കി സന്പാദിച്ചതെല്ലാം ദുരന്തത്തിൽ ഒലിച്ചുപോയപ്പോൾ സഹായം നൽകി കൂടെ ചേർത്തത് സർക്കാരും നാട്ടുകാരുമാണ്’ 46 കാരനായ വിജയകുമാർ മന്ത്രിയോട് പറഞ്ഞു.
പുത്തുമല ഹൃദയഭൂമിയിലെ സർവമത പ്രാർഘനയും പുഷ്പാർച്ചനയും മനസ് വേദനിപ്പിച്ചെങ്കിലും ടൗണ്ഷിപ്പിലെത്തിയപ്പോൾ ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പ്രതികരണം നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചതെന്ന് മന്ത്രി രാജൻ പറഞ്ഞു.
സർക്കാരിന്റെയും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്വമാണ് അതിജീവിതർക്ക് വീട് ഒരുക്കുകയെന്നത്. ലോകത്ത് എവിടെയും കാണാത്ത മനുഷ്യ സ്നേഹത്തിന്റെ അടയാളമാണ് ദുരന്തഭൂമിയിൽ കണ്ടത്. നിർമാണം പൂർത്തിയാക്കി ടൗണ്‍ഷിപ്പിലെ മുഴുവൻ വീടും 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപേഷ് ബസുമതാരി, ജനപ്രതിനിധികൾ തുടങ്ങിയവരും മാതൃകാവീട് കാണാനെത്തി.