സ്കൂൾ കെട്ടിട നിർമാണം: തുക തീർത്തുകിട്ടാതെ കരാറുകാരൻ ഉഴലുന്നു
1580863
Sunday, August 3, 2025 5:54 AM IST
കൽപ്പറ്റ: സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കി മൂന്നു വർഷം കഴിഞ്ഞിട്ടും തുക തീർത്തുകിട്ടാതെ കരാറുകാരൻ വലയുന്നു. പൂതാടിയിൽ സ്വകാര്യ സ്കൂൾ കെട്ടിട നിർമാണം ഏറ്റെടുത്ത കരാറുകാരൻ കോളേരി സ്വദേശി സന്തോഷ് ബാബുവാണ് ഗതികേടിൽ. 96.27 ലക്ഷം രൂപയാണ് ഇദ്ദേഹത്തിനു കിട്ടാനുള്ളത്.
നിർമാണ സാമഗ്രികൾ കടംവാങ്ങി പ്രവൃത്തി നടത്തിയതുമൂലം കടക്കെണിയിൽപ്പെട്ട താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കെ.ആർ. ഗോപി, വൈസ് പ്രസിഡന്റ് പി.കെ. രാജൻ, ട്രഷറർ വി.ഡി. സുഗതൻ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ കരാറുകാരൻ പറഞ്ഞു.
ഫൈനൽ ബില്ല് നൽകാതെ കെട്ടിട നിർമാണക്കമ്മിറ്റി കബളിപ്പിച്ചതിനെതിരേ പോലീസിൽ നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും നീതി തേടി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നും ഇവർ വ്യക്തമാക്കി.
2020-21ലാണ് രണ്ട് നിലകളിൽ 7,500 ചതുരശ്ര അടി കെട്ടിടം പണി 1.08 കോടി രൂപയ്ക്ക് സന്തോഷ് ബാബു കരാർ എടുത്തത്. മാനേജ്മെന്റ് ലഭ്യമാക്കിയ പ്ലാൻ പ്രകാരം പ്രവൃത്തി നടക്കുന്നതിനിടെ പരിശോധനയ്ക്കെത്തിയ സ്ട്രക്ചറൽ എൻജിനിയർ നിലവിലെ പ്ലാൻ തെറ്റാണെന്നു അറിയിച്ചു. ഈ പ്ലാൻ പ്രകാരം നിർമാണം നടത്തിയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നു പറഞ്ഞു.
അതുവരെ നടത്തിയ നിർമാണങ്ങൾ പൊളിമാറ്റാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫൗണ്ടേഷനും 24 ടോയ്ലറ്റും ക്ലാസ് റൂം ഭിത്തികളും പൊളിച്ചുമാറ്റി. ഇതുമൂലം ഉണ്ടായ 16ൽപരം ലക്ഷം രൂപയുടെ നഷ്ടം തുടർന്നു പണിയുന്ന കെട്ടിടത്തിന്റെ ഫൈനൽ ബില്ലിൽ സെറ്റിൽ ചെയ്യാമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
മൂന്നു നിലകളിൽ 12,000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനുള്ള പ്ലാനാണ് പിന്നീട് ലഭ്യമാക്കിയത്. 2.34 കോടി രൂപ ചെലവിലാണ് ഈ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. എന്നാൽ 1.42 കോടി രൂപ മാത്രമാണ് കരാറുകാരന് ലഭിച്ചത്. രണ്ടാമത്തെ പ്ലാൻ പ്രകാരം കെട്ടിടം പണിതപ്പോൾ താഴത്തെ നിലയ്ക്ക് ഉയരക്കുറവ് ഉണ്ടായി. ഇതുമൂലം ഈ നില ക്ലാസ് മുറികൾക്ക് യോജിച്ചതല്ലാതായി.
കെട്ടിടനിർമാണ കാലാവധി പുതുക്കുന്നതിനെന്നുപറഞ്ഞ് സ്കൂൾ മാനേജ്മെന്റ് സന്തോഷ്ബാബുവിൽനിന്നു 200 രൂപയുടെ ബ്ലാങ്ക് മുദ്രപ്പത്രം ഒപ്പിട്ടുവാങ്ങിയിരുന്നു. ഈ മുദ്രപ്പത്രം ദുരുപയോഗം ചെയ്ത് കരാറുകാരന് പണം നൽകാനില്ലെന്ന വ്യാജരേഖ തയാറാക്കിയിരിക്കയാണ്. മുദ്രക്കടലാസിനൊപ്പം അധികമായ ചേർത്ത രണ്ട് കടലാസുകളിൽ വ്യാജ ഒപ്പുകളാണ് ഉള്ളത്.
കരാറുകാരന് പണം നൽകാനില്ലെന്നും മിച്ചം പറ്റാണെന്നും പറഞ്ഞ് നിർമാണക്കമ്മിറ്റിയിലുള്ളവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എസ്എൻഡിപി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.