കന്യാസ്ത്രീകൾക്കെതിരായ കേസ്: ക്രിസ്ത്യൻ ഫോറം പ്രതിഷേധജ്വാല നടത്തി
1581200
Monday, August 4, 2025 5:16 AM IST
മാനന്തവാടി: വർഗീയശക്തികൾ നിയമം കൈയാളുന്പോൾ മുറിവേൽക്കുന്നത് രാജ്യത്തിന്റെ മതേതരത്വത്തിനാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം.
ഛത്തീസ്ഡഗിലെ ദുർഗിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിച്ചതിനെതിരേ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഫ്ളാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരന്റെ അടിസ്ഥാന അവകാശങ്ങളാണ് വർഗീയ ശക്തികൾ ധ്വംസിക്കുന്നത്. വ്യവസ്ഥകൾ നിയന്ത്രിച്ച് നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്പോൾ രാജ്യത്ത് മതേതരത്വത്തിന് ശക്തിക്ഷയം സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് ഫാ.വില്യം രാജൻ അധ്യക്ഷത വഹിച്ചു.
മിജാർക്ക് ഏഷ്യൻ പ്രതിനിധി ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. ഫോറം വൈസ് പ്രസിഡന്റ് ഫാ.സോണി വാഴക്കാട്ട്, ജോയിന്റ് സെക്രട്ടറി കെ.എം. ഷിനോജ്, ട്രഷറർ എം.കെ. പാപ്പച്ചൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ റോജസ് മാർട്ടിൻ, ഷീജ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.