ആനയുടെ അസ്ഥികൂടം; സമീപം കുട്ടിയാന അവശനിലയിൽ
1587787
Saturday, August 30, 2025 2:09 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ പത്താം ബ്ലോക്ക് കോട്ടപ്പാറ ജലനിധി ടാങ്കിനു സമീപം ആനയുടെ അസ്ഥികൂടം ചിതറിയ നിലയിൽ കണ്ടെത്തി. ഇതിന് സമീപത്തായി കുട്ടിയാനയെ വനം വകുപ്പ് അധികൃതർ അവശനിലയിൽ കണ്ടെത്തി. പതിവ് പട്രോളിംഗിനിടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിലത്തുവീണുകിടക്കുന്ന നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്.
അവശനിലയിൽ കണ്ടെത്തിയ മൂന്ന് വയസുള്ള കുട്ടിയാനയ്ക്ക് വനം വകുപ്പ് വിദഗ്ധ ചികിത്സ നൽകാനുള്ള നടപടികൾ ആരംഭിച്ചു. കുട്ടിയാന വീണുകിടന്നതിനു 100 മീറ്റർ മാറിയാണു ആനയുടെ അസ്ഥികൂടം കണ്ടെത്തിയത്. ചിതറിക്കിടക്കുന്ന നിലയിലാണ് അസ്ഥികൂടം.
കടുവ പോലുള്ള വന്യജീവി ഇരയാക്കിയതാണോയെന്നു വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ ആനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല.
കുട്ടിയാനയ്ക്ക് ആവശ്യമായ പരിചരണം നൽകിയതായും ഫോറസ്റ്റ് വെറ്ററിനറി സർജന്റെ നിർദേശപ്രകാരം തുടർചികിത്സകൾക്കുള്ള നടപടികൾ സ്വീകരിച്ചതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.
വിദഗ്ധ ചികിത്സ നൽകുന്നതിനു വയനാട് നിന്നു ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്ന് ആറളത്തെത്തുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
ആറളം ഫാമിൽ രണ്ടു മാസം മുന്പും കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നര വർഷത്തിനിടെ ഒന്പത് ആനകളാണ് ചരിഞ്ഞത്. വന്യജീവി ഇരയാക്കിയ നിലയിൽ കണ്ടെത്തുന്നത് ആദ്യമാണ്.