എൻസിസി വാർഷിക പരിശീലന ക്യാമ്പിന് നെഹ്റു കോളജിൽ തുടക്കം
1588296
Monday, September 1, 2025 12:58 AM IST
നീലേശ്വരം: എൻസിസി 32 കേരള ബറ്റാലിയന്റെ ദശദിന വാർഷിക പരിശീലന ക്യാമ്പ് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിച്ചു. ക്യാമ്പ് കമാൻഡന്റ് കേണൽ വികാസ് ജെയിൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി കമാൻഡന്റ് ലഫ്റ്റനന്റ് കേണൽ ടി.വി. അനുരാജ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് അഡ്ജുഡന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, സുബേദാർ മേജർ ഡി.വി.എസ്. റാവു എന്നിവർ പ്രസംഗിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറ് കേഡറ്റുകളാണ് ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇവർക്ക് ഡ്രിൽ, ആയുധ ഉപയോഗം, ഫയറിംഗ്, മാപ്പ് റീഡിംഗ് എന്നിവയിൽ പരിശീലനം നൽകും സൈബർ ബോധവത്കരണം, പ്രഥമശുശ്രൂഷ, ട്രാഫിക് നിയമ ബോധവത്കരണം, വ്യക്തിത്വ വികസനം എന്നീ ക്ലാസുകളും സംഘടിപ്പിക്കും.
പെരിങ്ങോം സിആർപിഎഫിന്റെ ആയുധ പ്രദർശനവും എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനവും നടക്കും. സെപ്റ്റംബർ ഏഴിന് ക്യാമ്പ് സമാപിക്കും.