ഓണക്കുരുക്ക് ഒഴിവാക്കാൻ സുസജ്ജമായി പോലീസ്
1588832
Wednesday, September 3, 2025 1:40 AM IST
ഇരിട്ടി: ഓണാഘോഷത്തിരക്കിൽ നഗരം ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടൽ. ഇരിട്ടിയിൽ ഗതാഗതം സുഗമമാക്കാനായി 25 പോലീസുകാരും നാല് മൊബൈൽ പട്രോളിംഗ് ടീമുകളും ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിലുണ്ടാകും.
കഴിഞ്ഞ നാല് ദിവസങ്ങളിൽ 15 പോലീസുകാരെയും മൂന്ന് മൊബൈൽ പട്രോളിംഗ് ടീമുകളെയും നിയോഗിച്ചിരുന്നുവെന്ന് ഇരിട്ടി എസ്എച്ച്ഒ എ.കുട്ടികൃഷ്ണൻ അറിയിച്ചു. അനധികൃതമായും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടം ഉണ്ടാക്കുന്ന വിധവും പാർക്ക് ചെയ്ത 30 വാഹനങ്ങൾക്കെതിരെ പോലീസ് പിഴ ചുമത്തി. 600 ഓളം വാഹനങ്ങൾ ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയെങ്കിലം ഓണസീസണയതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങൾ പാർക്കിംഗിനാവശ്യമായ സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇരിട്ടി പാലം മുതൽ കീഴൂർ വരെ കൂടുതൽ ഗതാഗത തിരക്കനുഭവപ്പെടുന്ന മേഖല എന്നു കണക്കിലെടുത്താണ് കൂടുതൽ പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഇന്നലെ മേലേ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് വൺവേ റോഡ്, സിറ്റി സെൻ്റർ, പഴയ പോസ്റ്റ് ഓഫിസ് പരിസരം, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിൽ നിന്നാണു ഗതാഗത തടസ്സം സൃഷ്ടിച്ചു പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകിച്ചത്.
പരിശോധനകൾക്ക് എസ്ഐമാരായ ടി.ജി. അശോകൻ, റെജി സ്കറിയ, സിവിൽ പോലീസ് ഓഫിസർമാരായ അബ്ദുൽ നവാസ്, കെ.പി.സി. പ്രിയേഷ് എന്നിവർ നേതൃത്വം നൽകി. ഇരിട്ടി പഴയ പാലം റോഡിലും പഴയ ബസ് സ്റ്റാൻഡിലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിലും നേരംപോക്ക് റോഡിലും ഉൾപ്പെടെ പേ പാർക്കിംഗ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഫീസ് നൽകി പാർക്കിംഗ് നടത്താൻ പലരും മടിക്കുന്നതും ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.