വർഷം ഒന്നു കഴിഞ്ഞു; കുവൈറ്റിലെ കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത് കുടുംബം
1588298
Monday, September 1, 2025 12:58 AM IST
ആലക്കോട്: കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പുമായി ഒരു വർഷമായി അമലിന്റെ കുടുംബം. വീട്ടിൽ കാണാൻ എത്തുന്നവരോട് ഇനിയെന്ത് ചെയ്യണമെന്ന് നിറകണ്ണുകളോടെ ഹൃദയം തകർന്ന് ചോദിക്കുകയാണ് ആലക്കോട് കാവുംകൂടിയിലെ കോട്ടയിൽ അമലിന്റെ മാതാപിതാക്കളായ സുരേഷും ഉഷയും.
സഹോദരൻ ജീവനോടെയുണ്ടാകണേയെന്ന പ്രാർഥനയിലാണ് സഹോദരി അൽഷ. 2024 സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയിൽ "അറബക്തർ ഒന്ന്' എന്ന കപ്പൽ അപകടത്തിൽപ്പെട്ടതും കണ്ണൂർ ആലക്കോട് കാവുംകുടിയിലെ അമൽ സുരേഷിനെ (26) കാണാതാകുന്നതും. അപകടത്തിൽപ്പെട്ട ആറുപേരിൽ തൃശൂർ സ്വദേശിയുടെ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ ഇറാൻ സ്വദേശിയെക്കുറിച്ചും അമലിനെക്കുറിച്ചുമാണ് വിവരങ്ങൾ ഒന്നും ലഭിക്കാത്തത്.
സെപ്റ്റംബർ ഒന്നിന് അപകടം ഉണ്ടായെങ്കിലും അമലിനെ കാണാതായ വിവരം അഞ്ചിനാണു കുവൈറ്റിലെ ഇന്ത്യൻ എംബസി അമലിന്റെ കുടുംബത്തെ അറിയിച്ചത്. മരിച്ചതായാണ് ആദ്യം അറിയിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന ആറുപേരിൽ നാലു പേരുടെ മൃതദേഹങ്ങൾ കിട്ടിയതായും പറഞ്ഞു. തുടർന്ന് കുവൈറ്റ് എംബസിയുടെ നിർദേശപ്രകാരം അമലിന്റെ മാതാപിതാക്കളിൽ നിന്നു ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് എംബസിക്കു കൈമാറിയിരുന്നു.
നാലുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിൽ അമൽ ഉൾപ്പെട്ടില്ലെന്നുമാണ് കുവൈറ്റ് എംബസിയിൽ നിന്ന് സെപ്റ്റംബർ 26-ന് കുടുംബത്തിനു വന്ന അവസാനത്തെ സന്ദേശം. പിന്നീട് ഒരു വിവരവും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അപകടത്തിൽപ്പെട്ട ആറുപേരിൽ മലയാളിയായ തൃശൂർ കളരിക്കരയിലെ ഹരീഷ് ഹരിദാസിന്റെ മൃതദേഹം കിട്ടിയിരുന്നു. ഇനി കാണാനുള്ളത് അമലിനൊപ്പം കപ്പലിന്റെ ക്യാപ്റ്റനായ ഇറാൻ സ്വദേശിയുടെ മൃതദേഹമാണ്.
അമലിനെ കാണാതായി വർഷം ഒന്നു കഴിഞ്ഞെങ്കിലും സർക്കാരിന്റേതടക്കം ഒരു തലത്തിലുള്ള അന്വേഷണവും കാര്യക്ഷമമല്ലെന്ന അഭിപ്രായം കുടുംബത്തിനുണ്ട്. സംഭവം നടന്നതു മുതൽ പിതാവ് സുരേഷ് മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ നോർക്കയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പലതവണ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു.
പക്ഷെ അമലിന് എന്ത് സംഭവിച്ചു എന്നതിനുത്തരം ഇന്നും അകലെയാണ്. കെ. സുധാകരൻ എംപിയും സജീവ് ജോസഫ് എംഎൽഎയും അമലിന്റെ വീട് സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം നൽകിരുന്നു. എന്നാൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിനു ലഭിച്ചിട്ടില്ല.
അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് പിതാവ് സുരേഷ് സെയ്ലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി വിട്ടിലിനൊപ്പം മുംബൈയിലെ ഷിപ്പിംഗ് ഓഫീസിലെത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഓഫീസ് ചെയർമാൻ ശ്യാം ജഗന്നാഥന് നിവേദനം നൽകി. അമലും ക്യാപ്റ്റനും സുരക്ഷാബോട്ടിൽ രക്ഷപ്പെട്ടെങ്കിൽ എത്താൻ സാധ്യതയുള്ള സൗദി, ഖത്തർ ജയിലുകളിൽ പരിശോധന നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
മുംബൈ ഗ്ലോബൽ മറൈൻ ഏജൻസി വഴിയാണ് അമൽ പോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ മുംബൈയിൽ തന്നെയുള്ള എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണിതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു.
വെസൽ ഈസ് മറിയം എന്ന കപ്പലിൽ ജോലി ലഭിച്ചെന്നാണ് രേഖയിലുള്ളത്. ഈ സാഹചര്യത്തിൽ അമൽ അറബക്തർ ഒന്നിൽ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. ജനുവരിയിൽ ജോലി ലഭിച്ച് മുംബൈയിലേക്ക് പുറപ്പെട്ട അമൽ കൈയിൽ കരുതിയ 4,32,000 രൂപയിൽ നാല് ലക്ഷം ഏജൻസിക്ക് കൊടുത്തെന്നാണ് അറിയിച്ചത്.
ജോലിയിൽ കയറിയശേഷം കപ്പൽക്കമ്പനി ഒരുരൂപ പോലും ശമ്പളം നൽകിയില്ല. ഇക്കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കണമെന്ന് സുരേഷ് ഡിജിഎസ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഓണാവധിക്ക് ശേഷം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള തയാറെടുപ്പിലാണ് പിതാവ് സുരേഷ്. അമലിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് വൈകിയാൽ കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവ ലഭിക്കുന്നതിന് തടസം നേരിടും.