മണ്ണിടിച്ചിൽ; ഗതാഗതം സ്തംഭിച്ചു
1587788
Saturday, August 30, 2025 2:09 AM IST
ഇരിട്ടി: കൂട്ടുപുഴയിൽ നിന്ന് പേരട്ടയിലേക്ക് പോകുന്ന റോഡരികിലെ വലിയ മൺതിട്ട ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് റോഡരികിലെ വലിയ മൺതിട്ട ഇടിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. ഈ ഭാഗത്തെ മരങ്ങളും കാട്ടുചെടികളും ഉൾപ്പെടെ റോഡിലേക്ക് പതിച്ചു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികൾ ചേർന്ന് മരങ്ങളും മറ്റും മുറിച്ചുമാറ്റി ഒരുഭാഗത്ത് കൂടി വാഹനങ്ങൾ കടന്നു പോകാൻ വഴിയൊരുക്കി. മഴ കനത്തതോടെ മൺതിട്ടയുടെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മഴയ്ക്ക് അല്പം ശമനം ലഭിച്ചത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള ആശങ്കയ്ക്ക് അയവ് വന്നിട്ടുണ്ട്. മണ്ണ് താഴേക്ക് പതിക്കുന്ന സമയത്ത് വാഹനങ്ങളും കാൽനട യാത്രക്കാരും ഇതുവഴി വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
മാക്കൂട്ടം ചുരം പാതയിലും ഇന്നലെ പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായി. ഏറെനേരം വാഹന ഗതാഗതത്തെ ബാധിച്ചു. പുലർച്ചെയായിരുന്നു മണ്ണിടിച്ചില്‍.