റോഡ് നവീകരിച്ചു; പയ്യാവൂർ-വാതിൽമട റൂട്ടിൽ ഇനി ബസിനായി കാത്തിരിപ്പ്
1588826
Wednesday, September 3, 2025 1:40 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിലെ പാറക്കടവ് -വാതിൽമട റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാവുന്പോൾ നാട്ടുകാർ ഇപ്പോൾ യാത്രാ സൗകര്യത്തിനായുള്ള ബസിനായി കാത്തിരിപ്പിലാണ്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി മുഖേന അഞ്ച് കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിച്ചത്.
റോഡിലെ കയറ്റങ്ങൾ കുറച്ച് വീതി കൂട്ടി ടാറിംഗ് നടത്തുന്ന പ്രവൃത്തി പൂർത്തിയാക്കി സിഗ്നലുകൾ സ്ഥാപിച്ചുവരികയാണ്. മഴ കാരണം നിർമാണ പ്രവൃത്തി മന്ദഗതിയിലായത് നാട്ടുകാരുടെ പ്രക്ഷോഭത്തിനിടയാക്കിയിരുന്നു. റോഡ് നവീകരണം പൂർത്താകുന്നതിനൊപ്പം ഇതിലൂടെ കൂടുതൽ ബസ് സർവീസുകൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ രാവിലെ പയ്യാവൂരിൽ നിന്ന് വാതിൽ മടവരെ പോയി മടങ്ങുന്ന കെഎസ്ആർടിസി ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ജനങ്ങൾ യാത്രക്കായി ജീപ്പ്, ഓട്ടോ ടാക്സി എന്നിവയെയാണ് ആശ്രയിക്കുന്നത്. പയ്യാവൂർ - പൊന്നുംപറമ്പ് - ഉപ്പുപടന്ന -വാതിൽമട വഴി കുന്നത്തൂരിലേക്കും മണിക്കടവിലേക്കും ബസുകൾ ഓടിക്കണമെന്നാണ് പ്രധാന ആവശ്യം.