പാവൽ കൃഷിയിൽ നൂറുമേനിയുമായി നാരായണനും കുടുംബവും
1588557
Tuesday, September 2, 2025 1:29 AM IST
ഇരിട്ടി: കാലവർഷം അനുകൂലമല്ലാതിരുന്നിട്ടും പാവൽ കൃഷിയിൽ നൂറുമേനി വിളയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആറളം പന്നിമൂലയിലെ കുഞ്ഞേരിവീട്ടിൽ നാരായണനും കുടുംബവും. വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ അമ്പലക്കണ്ടിയിൽ പാട്ടത്തിനെടുത്ത 65 സെന്റ് സ്ഥലത്താണ് നാരായണൻ ഇത്തവണ കൃഷിയിറക്കിയത്.
കാലാവസ്ഥയിലുണ്ടായ മാറ്റം ആശങ്കപ്പെടുത്തിയെങ്കിലും കീടങ്ങളെ പ്രതിരോധിച്ച് പരമാവധി ഉത്പാദനം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് നാരായണനും കുടുംബവും. മഴകാരണം നാട്ടിലെങ്ങും പച്ചക്കറിക്കൃഷി മൂന്നിലൊന്നായി കുറഞ്ഞപ്പോൾ ഉണ്ടായ വിളവ് നല്ലവില ലഭിക്കുന്നമെന്ന പ്രതീക്ഷയും ഉണ്ട്.
ഭാര്യ ദേവിയുടെ സഹായത്തോടെയാണു കൃഷിയിറക്കിയത്. കൃഷിയുടെ വിളവെടുപ്പ് ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡംഗം യു.സി. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ സി.കെ. സുമേഷ്, സി. മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. എടൂരിലുള്ള ആറളം പഞ്ചായത്തിന്റെ പച്ചക്കറിച്ചന്തയായ ഓണം സമൃദ്ധിയിലാണ് പാവയ്ക്ക വില്പനയ്ക്കെത്തുന്നത്.