ജിപ്സ പി. ദേവസ്യയ്ക്ക് മികച്ച സംഗീത സംവിധായികയ്ക്കുള്ള പുരസ്കാരം
1588563
Tuesday, September 2, 2025 1:29 AM IST
ചെറുപുഴ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ മെഹ്ഫിൽ ഇന്റർനാഷണൽ കേരളയുടെ ഈ വർഷത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത സംവിധായികക്കുള്ള പുരസ്കാരത്തിന് കണ്ണൂർ ചെറുപുഴ സ്വദേശി ജിപ്സ പി. ദേവസ്യ അർഹയായി.
കലാഗ്രാമം മീഡിയ നിർമിച്ച് മാധ്യമപ്രവർത്തകനായ ജയിംസ് ഇടപ്പള്ളി സംവിധാനം ചെയ്ത "സമസ്യ' എന്ന ഷോർട്ട് ഫിലിമിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. ജിപ്സ പി. ദേവസ്യ സ്കൂൾ കാലം മുതൽ കർണാടക സംഗീതം, കീബോർഡ്, നൃത്തം തുടങ്ങിയവ പഠിച്ചു. സംഗീത ആൽബങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. സംഗീത മേഖലയിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ്. സ്കൂൾ, കോളജ്, കേരളോത്സവം തുടങ്ങിയ മത്സരങ്ങളിൽ കർണാടക സംഗീതത്തിന് സംസ്ഥാന, ജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ നേടി.
2024ൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല സംഗീത മത്സരത്തിൽ മാപ്പിളപ്പാട്ടിലും കർണാടക സംഗീതത്തിലും സമ്മാനം നേടി. കേരള സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും സംസ്ഥാനതലത്തിൽ സമ്മാനം നേടി.
കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിടെക് ബിരുദവും, ഇഗ്നോയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ചെറുപുഴ സ്വദേശി റിട്ട. ഹോണനറി ക്യാപ്റ്റൻ പി.പി. ദേവസ്യയുടെയും ചെമ്പേരിയിലുള്ള സംഗീത കുടുംബാംഗം മേഴ്സി പൊൻപാറയുടെയും മകളാണ്. സഹോദരൻ റോമി പി. ദേവസ്യ (പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക്).