ഹരിത ഓണം പ്രചരണയാത്ര തുടങ്ങി
1587789
Saturday, August 30, 2025 2:09 AM IST
കണ്ണൂർ: 'ഈ ഓണം ഹരിത ഓണം' സന്ദേശമുയര്‍ത്തി ശുചിത്വ മിഷന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ഹരിത ഓണം' പ്രചാരണ യാത്ര ജില്ലയിൽ പര്യടനം തുടങ്ങി. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍ മുഖ്യാതിഥിയായിരുന്നു. വൃത്തിയുടെ ചക്രവര്‍ത്തിയായി മാവേലി സെപ്തംബര്‍ രണ്ടുവരെ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി പരിപാടികള്‍ അവതരിപ്പിക്കും.
'വൃത്തിയുടെ ചക്രവര്‍ത്തി' ചോദിക്കുന്ന ശുചിത്വ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങളും നൽകും. ഇന്ന് തളിപ്പറമ്പ്, ഇരിട്ടി ഭാഗങ്ങളിലും നാളെ തലശേരി, മുഴപ്പിലങ്ങാട്, പയ്യാമ്പലം ഭാഗങ്ങളിലും പര്യടനം നടത്തും. സെപ്തംബര്‍ ഒന്നിന് പയ്യന്നൂര്‍, പഴയങ്ങാടി, ആന്തൂര്‍ മേഖലയിലും രണ്ടിന് കൂത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍ ഭാഗങ്ങളിലുമാണ് പര്യടനം.
കണ്ണൂര്‍ സിറ്റി, താഴെ ചൊവ്വ, ചക്കരക്കല്‍ ഏച്ചൂര്‍ എന്നിവിടങ്ങളില്‍ ശുചിത്വ മാവേലി സന്ദര്‍ശനം നടത്തി. കണ്ണാടിപ്പറമ്പ് ഗ്രാമകേളി തിയേറ്റേഴ്സുമായി സഹകരിച്ചാണ് ജില്ലാ ശുചിത്വമിഷന് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ശുചിത്വമിഷന് അസിസ്റ്റന്റ് കോ -ഓഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, ഹരിത കേരളം പ്രതിനിധികള്‍, എസ്എന്‍ കോളജിലേയും കൃഷ്ണ മേനോന് സ്മാരക ഗവ. വനിതാ കോളജിലേയും എന്‍എസ്എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.