വയത്തൂർ പുഴയിലകപ്പെട്ട ഓട്ടോടാക്സി നാട്ടുകാരും ഫയർ ഫോഴ്സും കരയ്ക്കെത്തിച്ചു
1588289
Monday, September 1, 2025 12:58 AM IST
ഉളിക്കൽ: വയത്തൂർ പുഴയിലെ ചപ്പാത്ത് പാലത്തിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോ ടാക്സി നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെത്തിച്ചു. പെരുമ്പള്ളി സ്വദേശി ജോസ് കുഞ്ഞിന്റെ ഓട്ടോടാക്സിയാണ് ചപ്പാത്ത് പാലത്തിലൂടെ പുഴ കടക്കുമ്പോൾ ഒഴുക്കിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ പ്രദേശവാസികളായ അഭിലാഷും സാബുവും ചേർന്ന് രക്ഷപെടുത്തിയിരുന്നു.
മണിപ്പാറ പെരുമ്പള്ളിയിലെ ബസ് ജീവനക്കാരനായിരുന്ന അഭിലാഷിനെയും കൊണ്ട് പരിയാരം ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന ഓട്ടോ ടാക്സി കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് അപകടത്തിൽപ്പെടുന്നത്. ഇതോടെ വാഹനത്തി ലുണ്ടായിരുന്ന മൂവരും ഒഴുകിപ്പോവുകയായിരുന്നു.
രണ്ടു ദിവസത്തെ തെരച്ചിലിൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയിൽ വെള്ളം കുറഞ്ഞ തോടെ ഇരിട്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വാഹനം കണ്ടെത്തി യത്. മൂന്നുമണിക്കൂറോളം നടത്തിയ കഠിന പ്രയത്നത്തിനൊടുവിൽ ഇന്നലെയാണ് ഓട്ടോ ടാക്സി കരയ്ക്കെത്തിച്ചത്. ചപ്പാത്ത് പാലത്തിനരികിൽ നിന്നും 200 മീറ്ററോളം മാറി ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു ഓട്ടോടാക്സി. ഇരിട്ടി ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ചെളിയിൽ പുതഞ്ഞ കിടന്ന വാഹനത്തെ കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വാഹനം കരയ്ക്ക് കയറ്റുന്ന വിവരം അറിഞ്ഞ് നിരവധി പേർ ഇവിടേയ്ക്ക് എത്തിയിരുന്നു.