സഹോദരിയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍
1588566
Tuesday, September 2, 2025 1:29 AM IST
പയ്യന്നൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച നാലേമുക്കാല്‍ പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ സഹോദരനും സുഹൃത്തും അറസ്റ്റില്‍.
രാമന്തളി മൊട്ടക്കുന്നിലെ എം. സജനയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു സജനയുടെ സഹോദരന് സജീവന് (41), ഇയാളുടെ സുഹൃത്ത് എട്ടിക്കുളം അംമ്പലപ്പാറയിലെ കെ. രാഗേന്ത് (39) എന്നിവർ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയാണ് അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. നാലുദിവസം മുമ്പ് നോക്കിയപ്പോള്‍ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളാണ് ഞായറാഴ്ച നോക്കിയപ്പോള്‍ കാണാതായത്. മോഷണത്തിലൂടെ മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും സഹോദരനെ സംശയിക്കുന്നതായുമുള്ള പരാതിയിലാണു പോലീസ് അന്വേഷണമാരംഭിച്ചത്.
ഈ ദിവസങ്ങളില്‍ വീട്ടില്ത്തന്നെയുണ്ടായിരുന്നതിനാല് പുറത്ത് നിന്നാരും എത്തിയിരുന്നില്ലെന്ന് പരാതിക്കാരിക്ക് ഉറപ്പുണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ മോഷ്ടാവ് പുറത്തുനിന്നുള്ളയാളല്ലെന്ന് പോലീസിനും ബോധ്യമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു സഹോദരനെയും സുഹൃത്തിനെയും പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വര്‍ണം വില്പന നടത്താന്‍ സഹായിച്ചതിനാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.