പെരിയ ഇരട്ടക്കൊലക്കേസ്: മണികണ്ഠന് ഇനി വോട്ടും ചെയ്യാനാകില്ല
1588836
Wednesday, September 3, 2025 1:40 AM IST
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കിയ കാഞ്ഞങ്ങാട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഇനി വോട്ടും ചെയ്യാന്‍ കഴിയില്ല.
എറണാകുളം സിബിഐ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കിയത്. വിധി വന്ന ദിവസം മുതല്‍ തന്നെ മണികണ്ഠന് പദവിക്ക് അര്‍ഹനല്ലെന്നും കമ്മീഷന് വ്യക്തമാക്കി.
കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ സെക്ഷന്‍ 35(1) പ്രകാരമാണു നടപടി. ജനുവരി മൂന്നിനാണ് കേസിലെ 14-ാം പ്രതിയായ മണികണ്ഠനെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 225 പ്രകാരം കോടതി ശിക്ഷിച്ചത്. ഹര്‍ജി ഒഴിവാക്കാന്‍ മണികണ്ഠന് രണ്ടുമാസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ശിക്ഷ റദ്ദാക്കാന്‍ അപ്പീല്‍കോടതി തയാറായിട്ടില്ലെന്ന് പിന്നീട് അദ്ദേഹംതന്നെ സമ്മതിച്ചു. രാജിവച്ചാലും കോടതിവിധി വന്ന ദിവസം മുതല്‍ മണികണ്ഠന് അയോഗ്യനാണെന്നും അതിനാല്‍ രാജിക്കു പ്രസക്തിയില്ലെന്നും കമ്മീഷന് വ്യക്തമാക്കി. മണികണ്ഠന് ഇനി വോട്ട് ചെയ്യാനോ അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല.