ദേശീയപാതയോരത്ത് നിർത്തിയിട്ട ഓക്സിജൻ ടാങ്കറിൽ ചോർച്ച
1588571
Tuesday, September 2, 2025 1:29 AM IST
തളിപ്പറമ്പ്: ദേശീയപാതയോരത്ത് വർക്ഷോപ്പിൽ നിർത്തിയിട്ട മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കർ ലോറിയിൽ നിന്ന് ഓക്സിജൻ ചോർന്നു. തളിപ്പറമ്പ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ചോർച്ച നിയന്ത്രിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തു. ഇന്നലെ രാവിലെ കുറ്റിക്കോൽ ബാബുരാജ് ഓട്ടോ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം.
ചെന്നൈയിലെ സതേൺ എയർ പ്രൊഡക്ട്സ് ലിമിറ്റഡ് കമ്പനിയുടെ ടാങ്കർ ലോറിയിലാണ് ചോർച്ചയുണ്ടായത്. കാസർഗോഡ് സീതാംഗോളിയിൽ നിന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് മെഡിക്കൽ ഓക്സിജനുമായി എത്തിയതാണ് ലോറി. ആശുപത്രിയിലെ സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ചെങ്കിലും ലോറിയിലെ ടാങ്കറിൽ കുറച്ച് ഓക്സിജൻ ബാക്കിയുണ്ടായിരുന്നു.
അതിനുശേഷം ലോറിയിലെ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് പരിഹരിക്കാനാണ് കുറ്റിക്കോലിലെ ബാബുരാജ് ഓട്ടോ ഇലക്ട്രിക്കൽസിലേക്ക് എത്തിച്ചത്. അവിടുന്നാണ് ഓക്സിജൻ ചോർന്നത്. ഫയർഫോഴ്സ് ചോർച്ച ഒഴിവാക്കി. വാഹനം നിർത്തിയിട്ടപ്പോൾ മർദം വർധിച്ചതാണ് ഓക്സിജൻ പുറത്തേക്കുവരാൻ കാരണമെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം.