ഇരിട്ടിയിൽ ഇരുട്ടായാൽ നായപ്പേടി
1588556
Tuesday, September 2, 2025 1:29 AM IST
ഇരിട്ടി: ഇരിട്ടി ടൗണും പരിസരപ്രദേശങ്ങളും വീണ്ടും തെരുവുനായ്ക്കളുടെ പിടിയിൽ. രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന തെരുവുനായ്ക്കൾ അന്തർസംസ്ഥാന യാത്രക്കാർക്ക് ഭീഷണിയാകുന്നു. പകൽ സമയത്ത് കെട്ടിടങ്ങളുടെ കോണുകളിലും ആളൊഴിഞ്ഞ കോണുകളിലും തമ്പടിക്കുന്ന നായ്ക്കൾ രാത്രിയായാൽ കൂട്ടത്തോടെയെത്തി അക്രമസ്വഭാവം കാണിക്കുകയാണ്.
ഇതോടെ രാത്രികാലങ്ങളിൽ ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് യാത്രചെയ്യാൻ എത്തുന്നവർ തെരുവുനായ്ക്കളുടെ അക്രമണ ഭീഷണിയിലാണ്. കഴിഞ്ഞദിവസം ബംഗളൂരുവിലേക്ക് പോകാൻ എത്തിയ യാത്രക്കാരൻ പകർത്തിയ ചിത്രങ്ങളും അവരുടെ അനുഭവവും ഭയാനകമാണ്.
കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൂട്ടം ഒരു പൂച്ചക്കുട്ടിയെ ആക്രമിച്ച് ക്രൂരമായി കടിച്ച് കൊലപ്പെടുത്തിയ ശേഷം യാത്രക്കാർക്ക് നേരേയും ആക്രമണ സ്വഭാവത്തോടെ പെരുമാറി എന്നാണ് യാത്രക്കാരൻ പറയുന്നത്. ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലൂടെയും വാഹനത്തിനടിയിലൂടെയും ഓടിച്ച് അതിക്രൂരമായാണ് നായ്ക്കൾ പൂച്ചക്കുട്ടിയെ കടിച്ചുകൊന്നത്.
നഗരസഭ അടിയന്തര നടപടി സ്വീകരിക്കണം
തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ തിരക്കേറിയ ടൗൺ കൂടിയാണ് ഇരിട്ടി. ദിവസവും രാത്രി നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നത്. ഭൂരിഭാഗം യാത്രക്കാരും രാത്രിസമയങ്ങളിവാണ് യാത്ര ചെയ്യുന്നത്. നിരവധി കെഎസ്ആർടിസി, ടൂറിസ്റ്റ് ബസുകളാണ് രാത്രികാല സർവീസ് നടത്തുന്നത്.
വിദൂര സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ ഇരിട്ടിയിൽ എത്തിയാണ് യാത്ര ചെയ്യുന്നത്. കുട്ടികളും മുതിർന്നവരും സ്ത്രീകളും അടങ്ങുന്ന യാത്രക്കാരാണ് രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ ഭീഷണി ഭയന്ന് ബസ് കാത്തു നിൽക്കുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് രാത്രികാലത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.