കറികൾ 200 തരം; സദ്യ കെങ്കേമമായി
1588297
Monday, September 1, 2025 12:58 AM IST
ഉളിക്കൽ: "കാണം വിറ്റും ഓണം ഉണ്ണണം' എന്ന കേരളീയ പാരമ്പര്യത്തിന്റെ ആധുനിക വ്യാഖ്യാനവുമായി ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. ഓണാഘോഷത്തിന്റെ ഭാഗമായി ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് 200 തരം കറികൾ ഒരുക്കിയാണ് വിദ്യാർഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചത്.
ആഘോഷത്തോടനുബന്ധിച്ച് കേരളത്തിന്റെ പാരമ്പര്യ രുചികളുടെ ചേരുവകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥി കൂട്ടായ്മയിൽ തയാറാക്കിയത് അപൂർവ നേട്ടങ്ങളിൽ ഒന്നായി മാറി.
പരമ്പരാഗത ഓണം സദ്യയിൽ 20-30 തരം കറികളാണ് വിളമ്പുന്നത്. എന്നാൽ ഗിന്നസ് വേൾഡ് റിക്കാർഡിനുള്ള ശ്രമം എന്ന രീതിയിലാണ് 200 ൽ അധികം വിഭിന്ന കറികൾ ഇലയിൽ വിളമ്പിയത്. ഓണം എന്നത് വെറും ആഘോഷങ്ങൾ മാത്രമല്ല മലയാളികളുടെ ഐക്യം, സഹകരണം, സാംസ്കാരിക സമന്വയം എന്നിവയുടെ സങ്കലനമാണെന്ന സന്ദേശം കൂടിയായിരുന്നു വിദ്യാർഥികളുടെ പ്രകടനം.
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷ ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് മെംബർ ഒ.വി ഷാജു, പ്രിൻസിപ്പൽ ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു. മെഗാ തിരുവാതിര, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, മലയാളിമങ്ക, കേരളശ്രീമാൻ തുടങ്ങിയ നിരവധി ഓണ മത്സരങ്ങൾ സംഘടിപ്പിച്ചു. കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ അധ്യാപിക സൂര്യ തങ്കച്ചനെ പൊന്നാടയണിയിച്ച് ആദരിച്ചു.