കണ്ണൂർ-തലശേരി റൂട്ടിലെ ബസ് പണിമുടക്ക്: നടാലിൽ സത്യഗ്രഹ സമരം തുടങ്ങി
1588145
Sunday, August 31, 2025 6:57 AM IST
കണ്ണൂർ: കണ്ണൂർ-തലശേരി റൂട്ടിലെ ബസ് ഉടമകൾ സർവീസ് നിർത്തി സമരം നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും നടാൽ ഒകെ യുപി സ്കൂൾ കർമസമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടാലിൽ സത്യഗ്രഹ സമരം തുടങ്ങി. കണ്ണൂർ-തോട്ടട-നടാൽ വഴി തലശേരിയിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് നടാൽ സർവീസ് റോഡിൽ പ്രവേശിക്കാൻ വഴി ഒരുക്കാത്ത എൻഎച്ച്-66 അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.
കോർപറേഷൻ കൗൺസിലർ കെ.വി. സവിത സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. പി.സി. നാരായണൻ, എം. രഘുനാഥൻ, കെ. പുരുഷോത്തമൻ, ബി. ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സെപ്റ്റംബർ രണ്ടു മുതൽ കണ്ണൂർ-തലശേരി വഴി ബൈപാസ് റൂട്ടിലും നടാൽ വഴി തലശേരിയിലേക്കും മുഴുവൻ ബസുകളും കിഴുന്നപ്പാറയിലേക്ക് ഓടുന്ന ബസുകളും സർവീസ് നിർത്തിവയ്ക്കാൻ യോഗം തീരുമാനിച്ചു.