കല്യാട്ടെ മോഷണവും യുവതിയുടെ കൊലപാതകവും: പൂജാരിയെയും പോലീസ് ചോദ്യം ചെയ്യും
1588834
Wednesday, September 3, 2025 1:40 AM IST
വീരാജ്പേട്ട: ഇരിക്കൂർ കല്യാട്ടെ വീട്ടിൽ നടന്ന മോഷണവും യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട ദർശിതയുടെ സുഹൃത്ത് സിദ്ധരാജുവിനെയും പ്രേതബാധ ഒഴിപ്പിക്കാൻ പണം വാങ്ങിയ ഹാസനിലെ പൂജാരി മഞ്ജുനാഥിനെയും കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സിദ്ധരാജുവിനെ സാലിഗ്രാം പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. സ്വർണത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്.
കൊല നടന്നതിന്റെ തലേദിവസമാണു ദർശിത ബാഗ് സിദ്ധരാജുവിനെ ഏൽപ്പിച്ചത്. ഇതു കൈമാറേണ്ട ആളുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴി സാലിഗ്രാം പോലീസ് വിശ്വസിച്ചിട്ടുണ്ടെങ്കിലും കേരള പോലീസ് വിശ്വസിച്ചിട്ടില്ല.
തുടക്കംമുതൽ സിദ്ധരാജുവിന്റെ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ കുഴപ്പിക്കുകയാണ്. അതിനാലാണു കേരള പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. പൂജാരി മഞ്ജുനാഥിനെയും കസ്റ്റഡിയിൽ വാങ്ങിയാലേ കേസിന്റെ കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ബാഗിൽ നിറയെ വിലകുറഞ്ഞ തരത്തിലുള്ള മുക്കുപണ്ടമാണു കണ്ടത്. ലോഡ്ജിലുണ്ടായിരുന്ന ബാഗിലും മുക്കുപണ്ടം കണ്ടതിനാൽ മൂന്നു ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.
പണമായി രണ്ടു ലക്ഷം മാത്രമേ തന്നിട്ടുള്ളൂവെന്നാണ് കസ്റ്റഡിയിലുള്ള സിദ്ധരാജു പറയുന്നത്. ദർശിത തലേദിവസം സ്വർണം കൊടുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒളിപ്പിക്കാനാണു സാധ്യത കാണുന്നത്. കല്യാടുനിന്ന് കാണാതായ പണത്തിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ടെങ്കിലും സ്വർണത്തിന്റെ കാര്യത്തിലാണു തീരുമാനമാകേണ്ടത്.
പൂജയ്ക്കു തീയതി നിശ്ചയിച്ചിരുന്നില്ലെന്നും പണം കൈപ്പറ്റിയെന്നും അന്വേഷണസംഘത്തോട് മന്ത്രവാദി മഞ്ജുനാഥ് സമ്മതിച്ചതാണ്. ഈ പണം വീട്ടിൽത്തന്നെയുണ്ടായിരുന്നു. എന്നാൽ കവർച്ചയും കൊലപാതകവുമായി ഇയാൾക്കു ബന്ധമില്ലെന്നാണ് സൂചനയെങ്കിലും കേരള പോലീസ് ഇക്കാര്യം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
പൂജാരിയെ കണ്ടശേഷമാണു ദർശിത സിദ്ധരാജുവിനൊപ്പം സാലിഗ്രാമിലേക്കു പോയത്. അന്നു വൈകുന്നേരമാണ് സാലിഗ്രാം ടൗണിലെ എസ്ആർ ലോഡ്ജ് മുറിയിൽ സിദ്ധരാജു ദർശിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.
അതേസമയം കല്യാട്ടെ വീട്ടിൽ മുമ്പും രണ്ടുതവണ കുടുംബശ്രീസംഘത്തിനു നൽകാൻ സൂക്ഷിച്ച പണം കാണാതായിരുന്നു. ഇരിക്കൂർ സിഐയോടൊപ്പം കരിക്കോട്ടക്കരി സിഐ കെ.ജെ. വിനോയി, ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.കെ. ജയദേവൻ, പി.രതീഷ്, കെ.പി. നിതീഷ്, വി. ഷാജി എന്നിവർ ഹുൻസൂറിൽ തങ്ങിയാണ് അന്വേഷണം തുടരുന്നത്.