ഇടമന ലാസലെറ്റ് മരിയഭവൻ പള്ളിയിൽ തിരുനാൾ തുടങ്ങി
1592358
Wednesday, September 17, 2025 7:42 AM IST
ചെമ്പേരി: ഇടമനയിലെ ലാസലെറ്റ് മരിയഭവൻ പള്ളിയിൽ പരിശുദ്ധ ലാസലെറ്റ് മാതാവിന്റെ അഞ്ചുദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം 4.30 ന് ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർഥന എന്നിവക്ക് ശേഷം മരിയ ഭവൻ സുപ്പീരിയർ ഫാ. ജെൻസൺ ചെന്ത്രാപ്പിന്നി എംഎസ് കൊടിയേറ്റി.
തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവക്ക് കാർമികത്വം വഹിച്ചു. 19 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർഥന, വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. സനീഷ് ആലപ്പാട്ട് എംഎസ്, ഫാ. നോബിൾ ഓണംകുളം, ഫാ. അജേഷ് തുരുത്തേൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. സമാപന ദിനമായ 20 ന് വൈകുന്നേരം 4.30 ന് ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർഥന എന്നിവയെ തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ബംഗളൂരു ലാസലെറ്റ് മാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ബൈജു അവിട്ടപ്പള്ളി എംഎസ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ബെന്നി തടത്തിക്കുന്നേൽ എംഎസ്, ഫാ. സനീഷ് പൂവത്തിങ്കൽ എംഎസ്, ചെമ്പേരി ഫൊറോന വൈദികർ എന്നിവർ സഹകാർമികരായിരിക്കും. 6.45 ന് ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് നേതൃത്വം നൽകും. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിക്കും.