സാങ്കേതികത്വത്തിന്റെ മതിൽ പൊളിഞ്ഞു; പി.എ.നായരുടെ ഭൂമിയിലേക്ക് വഴിയൊരുങ്ങി
1591985
Tuesday, September 16, 2025 1:54 AM IST
എളേരിത്തട്ട്: നാട്ടിൽ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം കൊണ്ടുവരുന്നതിനായി സ്വന്തം കുടുംബം സർക്കാരിന് സൗജന്യമായി സംഭാവന നൽകിയ ഭൂമിക്കും അതിനു പിന്നിൽ അവശേഷിച്ച സ്വന്തം സ്ഥലത്തിനുമിടയിൽ ഉയർന്ന സാങ്കേതികത്വത്തിന്റെ വൻമതിൽ ഇടിഞ്ഞുവീഴുന്നത് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തന്റെ 86-ാം വയസിൽ പി.എ. നായർ നോക്കിക്കണ്ടു. ഏറെ താമസിച്ചിട്ടാണെങ്കിലും ഒടുവിൽ എളേരിത്തട്ട് ഗവ. കോളജിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ച് പി.എ. നായരുടെ ഭൂമിയിലേക്ക് വഴി തുറന്നുനൽകി.
തന്റെ സ്ഥലത്തേക്കുള്ള വഴി നിഷേധിച്ച് കോളജ് അധികൃതർ മതിൽ കെട്ടിയതിനെതിരെ വർഷങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു മുതിർന്ന സിപിഐ നേതാവ് കൂടിയായ പൊടോര അപ്പുനായരെന്ന പി.എ. നായർ. ആദർശം വിട്ട് രാഷ്ട്രീയസ്വാധീനം ചെലുത്താൻ നിൽക്കാതെ തികച്ചും സാധാരണക്കാരനായി പരാതിയും അപേക്ഷയും നൽകി വർഷങ്ങളോളം കാത്തിരുന്നു.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നടപടികളും ഇല്ലാതിരുന്നപ്പോൾ 2008 ൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. വയോധികനായ വ്യക്തിക്ക് സ്വന്തം സ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും അടിയന്തിരമായി വഴി അനുവദിക്കണമെന്നും കമ്മീഷന്റെ വിധി ഉണ്ടായെങ്കിലും കോളജ് വിദ്യാഭ്യാസവകുപ്പ് പിന്നെയും സാങ്കേതികത്വങ്ങൾ പറഞ്ഞ് എതിർപ്പുമായി നിന്നു.
വാഹനം പോകാനാവശ്യമായ വീതിയിൽ വഴി അനുവദിക്കാനാവില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നതോടെ ജീവിതസായാഹ്നത്തിൽ സ്വന്തം ഭൂമിയിൽ ഒരു വീടുവച്ച് താമസിക്കണമെന്ന പി.എ. നായരുടെ സ്വപ്നത്തിൽ കരിനിഴൽ വീണു. വീടുനിർമാണത്തിനായി ഇറക്കിവച്ച കല്ലുകൾക്കുമേൽ കാടും പടർപ്പുകളും വന്നുമൂടി. എൺപതുകൾ പിന്നിട്ട പ്രായത്തിൽ അപ്പുനായർക്ക് കോടതിയിലും പോകേണ്ടിവന്നു.
കോളജിന് വേണ്ടി സൗജന്യമായി സ്ഥലം നൽകിയ വ്യക്തിയുടെ സ്വന്തം സ്ഥലത്തേക്കുള്ള വഴിമുടക്കുന്നതിലെ അധാർമികത മാധ്യമങ്ങളിലും സമൂഹത്തിലും ചർച്ചയായി. ഇതോടെ എംഎൽഎമാരായ ഇ. ചന്ദ്രശേഖരനും എം. രാജഗോപാലനുമടക്കമുള്ള ജനപ്രതിനിധികളും നേതാക്കളും ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. മതിൽ പൊളിച്ചിട്ടായാലും പി.എ. നായരുടെ സ്ഥലത്തേക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള വഴി അനുവദിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പിന് നിർദേശംനൽകി. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ആ തീരുമാനം ഇന്നലെ നടപ്പായത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി തൂക്കുമരത്തിലേറിയ പൊടോര കുഞ്ഞമ്പുനായരുടെ സഹോദരിയുടെ മകനാണ് പി.എ. നായർ. 1981 ൽ എളേരിത്തട്ടിൽ സർക്കാർ കോളജ് സ്ഥാപിക്കാൻ ഏറ്റവുമധികം ഭൂമി സൗജന്യമായി നൽകിയത് പൊടോര കുഞ്ഞമ്പു നായരുടെ കുടുംബമാണ്.
കുഞ്ഞമ്പു നായരുടെ സഹോദരൻ കുഞ്ഞിരാമൻ നായരും സഹോദരി മാണി അമ്മയുടെ മക്കളായ കൃഷ്ണൻ നായരും പി.എ. നായരും ചേർന്നാണ് കോളജിന് വേണ്ടി ഏക്കർ കണക്കിന് ഭൂമി സൗജന്യമായി നൽകിയത്. ഇതിനു പിന്നിൽ അവശേഷിച്ചിരുന്ന പി.എ. നായരുടെ സ്ഥലത്തേക്ക് പോകാനുള്ള വഴി ഈ സ്ഥലത്തിന്റെ ഒരു ഭാഗത്തുകൂടിയായിരുന്നു. വർഷങ്ങൾക്കിപ്പുറം കോളജ് അധികൃതർ മതിൽ കെട്ടിയതോടെയാണ് ഈ വഴിയടഞ്ഞത്.
ധാർമികതയ്ക്കും നീതിക്കും വേണ്ടി വർഷങ്ങളായി നടത്തിയ പോരാട്ടം 86-ാം വയസിലെങ്കിലും വിജയത്തിലെത്തിയതിന്റെ ആശ്വാസത്തിലാണ് പി.എ.നായർ. ഇപ്പോൾ കയ്യൂരിൽ താമസിക്കുന്ന ഇദ്ദേഹം മതിൽ പൊളിച്ച് സ്വന്തം സ്ഥലത്തേക്കുള്ള വഴി തുറന്നുകിട്ടുന്നത് കാണാൻ ഇന്നലെ എളേരിത്തട്ടിലെത്തിയിരുന്നു. ഇനിയെങ്കിലും ഇവിടെ ഒരു വീട് നിർമിക്കാനുള്ള സ്വപ്നം വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ആലോചനയിലണ് പി.എ.നായരും കുടുംബവും.