മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം കണ്ണൂരിന്
1591205
Saturday, September 13, 2025 2:10 AM IST
മട്ടന്നൂർ: എയർപോർട്ട് ക്വാളിറ്റി സർവേ പ്രകാരമുള്ള മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം കണ്ണൂർ രാജ്യാന്തര വിമാനത്താവള അധികൃതർ ഏറ്റുവാങ്ങി. ചൈനയിലെ ഗ്വാങ്ങ്ഷുവിൽ നടന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എക്സ്പീരിയൻസ് സമ്മിറ്റിലാണ് കിയാൽ എംഡി സി. ദിനേശ്കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനികുമാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
എസിഐ ഡയറക്ടർ ജനറൽ ജസ്റ്റിൻ എർബാക്കി, അമഡിയസ് എഷ്യ-പസഫിക് എയർപോർട്സ് ആൻഡ് ബോർഡർ അഥോറിറ്റീസ് സീനിയർ വൈസ് പ്രസിഡന്റ് സാറ സാമുവൽ എന്നിവരാണ് അവാർഡ് സമ്മാനിച്ചത്. എഷ്യ-പസഫിക് മേഖലയിലെ പ്രതിവർഷം 20 ലക്ഷം യാത്രക്കാരിൽ താഴെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കണ്ണൂർ വിമാനത്താവളം അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
ആഗോളവേദിയിൽ ഇത്തരം അംഗീകാരം നേടുന്നത് കണ്ണൂർ വിമാനത്താവളത്തിനും കേരളത്തിനും അഭിമാനമാണെന്ന് കിയാൽ എംഡി സി. ദിനേശ്കുമാർ പറഞ്ഞു. യാത്രക്കാരുടെ നേരിട്ടുള്ള അഭിപ്രായങ്ങൾ അടിസ്ഥാനമാക്കിയാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എയർപോർട്ട് ക്വാളിറ്റി സർവേ സംഘടിപ്പിക്കുന്നത്.
വിമാനത്താവളത്തിലെ ശുചിത്വം, അനുബന്ധ സൗകര്യങ്ങൾ, ജീവനക്കാരുടെ പെരുമാറ്റം, കാര്യക്ഷമത തുടങ്ങിയവയാണ് വിലയിരുത്തുന്നത്.