ഉന്മൂലനം ചെയ്ത പന്നികളുടെ നഷ്ടപരിഹാരം കിട്ടാതെ കർഷകർ
1590392
Wednesday, September 10, 2025 12:49 AM IST
ഉദയഗിരി: ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന ഉദയഗിരി പഞ്ചായത്തിൽ കൊന്നൊടുക്കിയ പന്നികളുടെ നഷ്ടപരിഹാരം ഇനിയും കിട്ടാതെ കർഷകർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് അരിവിളഞ്ഞപൊയിലിലെ മണ്ണാത്തിക്കുണ്ട് പ്രദേശത്ത് പന്നികളെ കൊന്നൊടുക്കിയത്.
മണ്ണാത്തിക്കുണ്ട് ബാബു കൊടക്കനാലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ഫാമുകളിലെയും പന്നികളെയാണ് ഉന്മൂലനം ചെയ്തത്. മൂന്നുവർഷം മുമ്പും സമാനമായ രീതിയിൽ പന്നികളെ കൊന്നൊടുക്കിയിരുന്നു. അന്ന് ജയഗിരി, താളിപ്പാറ, മാമ്പൊയിൽ പ്രദേശങ്ങളിലെ 32 കർഷകരുടെ 554 പന്നികളെയാണ് ദയാവധം ചെയ്തത്.
പല ഫാമുകളിലെയും പന്നികൾക്ക് രോഗലക്ഷണമില്ലാതിരുന്നിട്ടും രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇവയെയും ഉന്മൂലനം ചെയ്യുകയായിരുന്നു.
ഏറെ പ്രക്ഷോപങ്ങൾക്കൊടുവിലാണ് ആ കുടുംബങ്ങൾക്ക് കഴിഞ്ഞവർഷം നഷ്ട പരിഹാരം ലഭിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണി ഉദയഗിരിയിൽ നേരിട്ടെത്തി നഷ്ടപരിഹാരം വിതരണം നടത്തിയ ദിവസം തന്നെയാണ് രണ്ടാമതും പന്നിപ്പനി റിപ്പോർട്ട് ചെയ്തത്.
അവിടെ ഒരു മേഖലയിൽ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ കർഷകരുടെ എണ്ണവും ദയാവധം നടത്തിയ പന്നികളുടെ എണ്ണവും കുറവായിരുന്നു. ഇവർക്ക് നഷ്ടപരിഹാരം ഇനിയും കിട്ടിയിട്ടില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ മന്ത്രി ജെ. ചിഞ്ചുറാണി, സജീവ് ജോസഫ് എംഎൽഎ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കർഷകരുടെ
പ്രശ്നങ്ങൾക്ക്
പരിഹാരം വേണം
രോഗം മൂലം കൃഷികൾ വ്യാപകമായി നശിച്ചതോടെയാണ് പുതിയ ജീവിതമാർഗമെന്ന നിലയിൽ പലരും പന്നി വളർത്തലിലേക്ക് മാറിയത്. ബാങ്കുകളിൽനിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്പകളെടുത്താണ് എല്ലാവരും സംരംഭം ആരംഭിച്ചത്. 10 കിലോയ്ക്ക് മുകളിലുള്ള പന്നിക്കുഞ്ഞുങ്ങളെ വാങ്ങണമെങ്കിൽ 15,000 മുതൽ 20,000 രൂപ വരെ മുടക്കേണ്ടതുണ്ട്.
പന്നിക്കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ, മരുന്നുകൾ എന്നിവയ്ക്ക് വലിയസാമ്പത്തിക ചെലവും പരിപാലിച്ച് വളർത്തിയെടുക്കാൻ ഏറെ പരിശ്രമവും ആവശ്യമുണ്ട്. 20 മുതൽ 25 വരെ പന്നിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് മിക്കവരും ഫാം ആരംഭിക്കുന്നത്. ഇവയിൽനിന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ഫാം നടത്തുന്നവരുമുണ്ട്. പന്നികളെ വളർത്തിയെടുക്കുന്നതിനും പന്നികളെ പ്രജനനം നടത്തി പരിപാലിക്കുന്നതിനും ഭാരിച്ച ചെലവുണ്ട്. രോഗം കാരണം പന്നികളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുമ്പോൾ കർഷകരുടെ ജീവിതമാർഗമാണ് അടയുന്നത്.
നഷ്ടപരിഹാരം
എത്രയും പെട്ടെന്ന്
നൽകണം
പന്നികളെ കൊല്ലാൻ കാണിക്കുന്ന ജാഗ്രത നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും കാണിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു ഏതെങ്കിലും ഒരു ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചാൽ പ്രദേശത്തെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ ദയാവധത്തിന് വിധേയമാക്കുന്നതിന് മുന്പ് പ്രത്യേക നിരീക്ഷണത്തിൽ നിർത്തി രോഗമുള്ളവയെ മാത്രം ദയാവധത്തിന് വിധേയമാക്കണമെന്നും കർഷകർ നിർദേശിക്കുന്നു.
നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാൻ കഴിയൂ എന്ന അവസ്ഥയിലൂടെയാണ് കർഷകർ കടന്നുപോകുന്നത്. നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരികയാണെങ്കിൽ സർക്കാർ ഇടപെട്ട് വായ്പാ തിരിച്ചടവിന് സാവകാശം ഉറപ്പാക്കണമെന്നാണ് മറ്റൊരാവശ്യം. മുഴുവൻ മുതൽമുടക്കും നഷ്ടപരിഹാരമായി പ്രതി ക്ഷിക്കുന്നില്ലെങ്കിലും. നഷ്ടം വരാത്ത രീതിയിലുള്ള തുകയെങ്കിലും ഉറപ്പാക്കണമെന്നും കർഷകർ പറയുന്നു.