ഓണം മൂഡിൽ ദേ, ഒരു മാവേലി ഫാദർ!
1589625
Sunday, September 7, 2025 2:44 AM IST
ആലക്കോട്: കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതം നയിക്കുന്ന വൈദികരെ തേടി "മാവേലി' എത്തിയത് വൈദികർക്കും ഓണാഘോഷത്തിൽ പങ്കെടുത്തവർക്കും നവ്യാനുഭവമായി. എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ടെങ്കിലും ആദ്യമായാണ് വൈദികൻ മാവേലിയായി പ്രജകളെ കാണാൻ എത്തിയത്. തലശേരി അതിരൂപതയിലെ മുതിർന്ന വൈദികനായ ഫാ. ജിയോ പുളിക്ക ലാണ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള മാവേലി വേഷം കെട്ടിയത്.
ആലക്കോട് -വായാട്ടുപറമ്പ് ഫൊറോനയിലെ വൈദികർ തമ്മിൽ നടത്തിയ വടംവലിയും മാവേലി ഉദ്ഘാടനം ചെയ്തു. അച്ചന്റെ മാവേലിവേഷവും പ്രജകൾക്ക് നല്കിയ സന്ദേശവും ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മാവേലി പറഞ്ഞു -""ഞാൻ പാതാളത്തിൽ ചവിട്ടി താഴ്ത്തപ്പെട്ടതിനുശേഷം ഇവിടെ നിരവധി വടംവലികൾ നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ രംഗത്തായാലും സഭാതലത്തിലായാലും സാമൂഹിക രംഗത്തായാലും. ആ വടംവലിയല്ല ഈ വടംവലി. ഒാണത്തിന്റെ വടംവലി പരസ്പര സ് നേഹത്തിന്റേയും ഐക്യത്തിന്റേയും വടംവലിയാണ്. അതിന് എല്ലാം ആശംസകളും നേരുന്നു.''
കൂത്തുപറമ്പ് നിർമലഗിരി കോളജ് പ്രിൻസിപ്പൽ, ഗുഡ് ഷെപ്പേഡ് സെമിനാരി ഡയറക്ടർ, വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷം ഇപ്പോൾ കരുണാപുരം സെന്റ് മേരീസ് മൈനർ സെമിനാരിയിൽ സേവനം ചെയ്യുകയാണ് ഫാ. ജിയോ പുളിക്കൽ. ഓണാഘോഷത്തോടനുബന്ധിച്ച് കസേരകളി, അപ്പം കടി, സുന്ദരിക്ക് പൊട്ടു തൊടൽ അടക്കമുള്ള മത്സരങ്ങളും നിരവധി പേർ പങ്കെടുത്ത ഓണസദ്യയും നടത്തി.