പാറക്കടവിലെ ആസിഡ് ആക്രമണം: യുവാവ് അറസ്റ്റില്‍
1589876
Monday, September 8, 2025 1:13 AM IST
രാജപുരം: പാണത്തൂര്‍ പാറക്കടവില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയശേഷം ഒളിവില്‍പോയ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടക കരിക്കെ ആനപ്പാറ സ്വദേശി കെ.സി.മനോജിനെയാണ് (46) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 8.45ഓടെ പാണത്തൂര്‍ പാറക്കടവിലെ കിടപ്പുരോഗിയായ ഒരാള്‍ മാത്രം താമസിച്ചിരുന്ന വീടിന്റെ കട്ടിലിന്റെ അടിയില്‍ നിന്നാണ് മനോജിനെ പോലീസ് പിടികൂടുന്നത്. തിരുവോണനാളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ദിവ്യയ്ക്കു നേരെ മനോജ് ആസിഡ് ആക്രമണം നടത്തിയപ്പോള്‍ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ നിന്നുമോള്ക്കും (17) ദിവ്യയുടെ സഹോദരന്റെ മകള്‍ മന്യയ്ക്കും (10) പൊള്ളലേല്‍ക്കുകയായിരുന്നു. നിന്നുമോളുടെ കൈകാലുകള്‍ക്കും മന്യയുടെ മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ല.
രണ്ടു മതങ്ങളില്‍പ്പെട്ട ദിവ്യയും മനോജും പ്രണയവിവാഹിതരായതാണ്. ഇരുവരും കര്‍ണാടക അതിര്‍ത്തിയിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ പെട്ടവരാണ്. രണ്ടു സംസ്ഥാനങ്ങളിലാണെങ്കിലും ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ മനോജിന്റെ മദ്യപാനശീലത്തെച്ചൊല്ലി കലഹിച്ച് ദിവ്യ ഏതാനും നാളുകളായി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു.