ഓണം ഫെയറിൽ കുറഞ്ഞ ചെലവിൽ കൂടുതൽ സാധനം വാങ്ങാം
1589869
Monday, September 8, 2025 1:13 AM IST
കണ്ണൂർ: ഓണം ഫെയറിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പക്ഷികളുടെ സങ്കേതവും കണ്ട് ഫോട്ടോയുമെടുത്ത് അകത്തേക്ക് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് ഒരു മികച്ച ഷോപ്പിംഗ് അനുഭവമാണ്.
വിവിധങ്ങളായ ഓഫറുകളിൽ ഫർണിച്ചറുകൾ, വായന ഇഷ്ടപ്പെടുന്നവർക്കായി ബുക്ക്സ്റ്റാൾ, നല്ല ആരോഗ്യത്തിനായി ബോഡി മസാജർ, ഗ്യാസ് സേഫ്റ്റി, കുട്ടികളെ ആകർഷിക്കാനായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും, ഏല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കോഴിക്കോടൻ ഹൽവ, വാട്ടർ പ്യൂരിഫയർ, പാലക്കാടൻ പനംകരിപ്പെട്ടി, കുട്ടികളെയും വലിയവരെയും ആകർഷിക്കാനായി കൂളിംഗ് ഗ്ലാസുകൾ, തൊപ്പികൾ എന്നിങ്ങനെ നിരവധി സ്റ്റാളുകളാണ് ഫെയറിന് ഉള്ളിലുള്ളത്.
ഇവകൂടാതെ പഴയമയുടെ രുചി പുതുതലമുറയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പഴയകാല മിഠായികളും സ്റ്റാളിലുണ്ട്. കുട്ടികളുടെ ശ്രദ്ധപിടിച്ചു പറ്റാനായി വ്യത്യസ്ത രീതികളിലുള്ള കളിക്കോപ്പുകളാണ് ഇവിടെയുള്ളത്. ഓണത്തിന് കുറഞ്ഞ വിലയിൽ നല്ല ട്രെൻഡി കളക്ഷമൻ സ്വന്തമാക്കാനായി കൂത്താംപള്ളി നെയ്ത്തുകാരുടെ സെറ്റ് സാരികളും സെറ്റ്മുണ്ടുകളും ഒരുക്കിയ സ്റ്റാളുകളുമുണ്ട്.
450 മുതൽ 800 രൂപ വരെയുള്ള സാരികളും സെറ്റ്മുണ്ടുകളുമാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പുറമെ സൗന്ദര്യ സംരക്ഷകർക്കായി ആയുർവേദ ഉത്പന്നങ്ങളും വീട്ടമ്മമാർക്കായി അടുക്കള സാധനങ്ങളും ന്യൂജൻ പിള്ളേർക്കായി രാജസ്ഥാൻ കോലാപുരി ചെരിപ്പുകൾ, ബാഗ്, ചുരിദാറുകൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.