അപകടക്കുഴികൾ അടയ്ക്കാൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി
1589867
Monday, September 8, 2025 1:13 AM IST
ഇരിട്ടി: കാലവർഷത്തിൽ രൂപപ്പെട്ട ഇരിട്ടി-ഉളിക്കൽ റോഡിലെ കുഴികൾ അടയ്ക്കാൻ ഒടുവിൽ നാട്ടു കാരർ തന്നെ രംഗത്തിറങ്ങി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായ തോടെ നാട്ടുകാർ ഇടപെട്ട് ചുള്ളിയോട് ഭാഗത്തെ കുഴികളാണ് താത്കാലികമായി അടച്ചത്. കല്ലും ചെങ്കൽ കഷ്ണങ്ങളും മണ്ണും ചേർത്താണ് കുഴികൾ അടച്ചത്.
പത്തുവർഷത്തിൽ അധികമായി കുഴിയടയ്ക്കൽ പ്രവൃത്തി മാത്രം നടക്കുന്ന റോഡ് പുനർനിർമിക്കണം എന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ തയാറായിട്ടില്ല. ജില്ലയിലെ പ്രധാന ടുറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി, കാലാങ്കി വ്യൂ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇരിട്ടിയിൽ നിന്നും എത്തിപ്പെടാനുള്ള പ്രധാന റോഡ് കൂടിയാണിത്.
ഓവുചാലുകൾ നിറഞ്ഞതോടെ വെള്ളം റോഡിലേക്ക് ഒഴുകുന്നതാണ് റോഡിൽ കുഴികൾ രൂപപ്പെടാൻ കാരണം. പൊതുമരാമത്ത് യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുഴി നികത്താൻ മുജീബ് പുതിയപുരയിൽ, മിസ്ബാഹ്, മിർസ, അമൽരാജ്, ദേവസ്യ പാറപ്പുറം, മനോജ് മഞ്ഞപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നല്കി.