നൂതന കർഷക സംസ്കാരം വളർത്തണം: ഇൻഫാം
1589624
Sunday, September 7, 2025 2:44 AM IST
തലശേരി: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ നൂതന കൃഷിരീതികളിലക്ക് തിരിയണമെന്നും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനും വിതരണത്തിനും കർഷകർ തന്നെ മുന്നിട്ടിറങ്ങണമെന്നും തലശേരിയിൽ ചേർന്ന ഇൻഫാം മലബാർ റീജണൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കർഷകർക്ക് പരിശീലനവും പ്രോത്സാഹനവും നല്കണമെന്നും ജനോപകാരപ്രദമായ പദ്ധതികളെപ്പറ്റി സർക്കാർ ബോധവത്കരണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇൻഫാമിന്റെ ജൂബിലി വർഷത്തിന്റെ ഭാഗമായി വിവിധങ്ങളായ കാർഷിക പദ്ധതികൾ ആസൂത്രണം ചെയ്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ്, മേഖലാ, ജില്ലാതല സമ്മേളനങ്ങൾ സംഘടിപ്പിക്കും. കർഷകരെ ആദരിക്കൽ, വിവിധ സെമിനാറുകൾ, കർഷക റാലി എന്നിവയും നടത്തും.
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന യോഗം ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി യോഗം ഉദ്ഘാടനം ചെയ്തു. ഇൻഫാം മലബാർ മേഖലാ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, ഫാ. ജോമോൻ ചെമ്പകശേരി, ഫാ. സായി പാറൻകുളങ്ങര, ഫാ. ജയ്സൻ കളത്തിപ്പറമ്പിൽ, സണ്ണി തുണ്ടത്തിൽ, ഗിരി മാത്യു തിരുതാലിൽ എന്നിവർ പ്രസംഗിച്ചു. തലശേരി, താമരശേരി, കോഴിക്കോട്, കണ്ണൂർ രൂപതകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.