സമൂഹത്തിന്റെ പ്രതീക്ഷകൾ വിദ്യാർഥികൾ സഫലമാക്കണം: ബിഷപ് ഡോ. വടക്കുംതല
1589874
Monday, September 8, 2025 1:13 AM IST
കണ്ണൂർ: സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വിദ്യാഭ്യാസത്തിലൂടെയാണ് കണ്ടെത്തേണ്ടതെന്നും സമൂഹത്തിന്റെ പ്രതീക്ഷകൾ വിദ്യാർഥികളിലൂടെ സഫലമാകണമെന്നും കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംഘടിപ്പിച്ച "മെറിറ്റ് ഡേ 2025' വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മികച്ച നിലവാരം പുലർത്തുന്ന പ്രതിഭാസമ്പന്നരായ വിദ്യാർഥികളെക്കുറിച്ച് സമൂഹത്തിന് ഉന്നതമായ പ്രതീക്ഷകളാണുള്ളതെന്നും അതു സഫലമാക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ബിഷപ് പറഞ്ഞു. കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമുദായാംഗങ്ങളായ വിദ്യാർഥികൾ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. മറ്റു മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു.
കണ്ണൂർ രൂപത കെഎൽസിഎയുടെ ആത്മീയ ഉപദേഷ്ടാവായി 26 വർഷം സേവനമനുഷ്ഠിച്ച ഫാ. മാർട്ടിൻ രായപ്പനെയും കെഎൽസിഎ കണ്ണൂർ രൂപതയുടെ ആത്മീയ ഉപദേഷ്ടാവായി സ്ഥാനമേറ്റ ഫാ. ആൻസിൽ പീറ്ററേയും ചടങ്ങിൽ ആദരിച്ചു.
രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ആൻസിൽ പീറ്റർ, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, സംസ്ഥാന മുൻ പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, കെ എൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഷെർലി സ്റ്റാൻലി, കെഎൽസിഡബ്ല്യുഎ ആനിമേറ്റർ സിസ്റ്റർ പ്രിൻസി ആന്റണി, കെ.എച്ച്. ജോൺ, സിഎൽസി രൂപത പ്രസിഡന്റ് ഡിയോൺ ആന്റണി ഡിക്രൂസ്, കെസിവൈഎം രൂപത പ്രസിഡന്റ് റോജൻ നെൽസൻ, പ്രീത സ്റ്റാൻലി, റിക്സൻ ജോസഫ്, എലിസബത്ത് കുന്നോത്ത്, ഡിക്സൺ ബാബു, ലെസ്ലി ഫെർണാണ്ടസ്, സ്റ്റെഫാൻ ബഞ്ചമിൻ തുടങ്ങിയവർ പ്രസംഗിച്ചു.