എൻഐആർഎഫ് റാങ്കിംഗിൽ നിർമലഗിരി കോളജ്
1589357
Friday, September 5, 2025 1:57 AM IST
നിർമലഗിരി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ (2025) കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏക ഓട്ടോണമസ് കോളജായ നിർമലഗിരി കോളജ് മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ മികച്ച കോളജുകളുടെ പട്ടികയിൽ 101-150 ബാൻഡിലാണ് കോളജ് ഈ വർഷവും ഇടം നേടിയത്. 2018 മുതൽ എൻഐആർഎഫ് ഉയർന്ന റാങ്കിംഗിൽ കോളജ് ഇടം നേടിയിട്ടുണ്ട്.
കോളജിന്റെ അക്കാദമിക് മികവ്, ഗവേഷണ നേട്ടങ്ങൾ, പഠന സൗകര്യങ്ങൾ, പ്ലേസ്മെന്റ് സാധ്യതകൾ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ വിവിധ മാനദണ്ഡങ്ങളിലെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് റാങ്കിംഗ്. വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുന്നതിനുള്ള സ്ഥാപനത്തിന്റെ നിരന്തരമായ ശ്രമങ്ങളെയാണ് റാങ്കിംഗ് അംഗീകരിക്കുന്നത്.
ഈ നേട്ടം സ്ഥാപനത്തിലെ അധ്യാപകർക്കും അഡ്മിനിട്രേറ്റീവ് അംഗങ്ങൾക്കും വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും മാനേജ്മെന്റിനും അഭിമാനകരമാണെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെലിൻ മാത്യു അറിയിച്ചു.