തന്റെ വാർഡിലെ എല്ലാ വീടുകളിലും ഓണസദ്യയൊരുക്കാൻ പച്ചക്കറിയുമായി കൗൺസിലർ കെ.വി. കുഞ്ഞിരാമൻ
1589098
Thursday, September 4, 2025 1:50 AM IST
ശ്രീകണ്ഠപുരം: നഗരസഭയിലെ ഒരു കൗൺസിലറുടെ വീട്ടുമുറ്റത്തെ കാഴ്ചകൾ കണ്ടാൽ പച്ചക്കറിച്ചന്തപോലും തോറ്റുപോകും. നല്ല നാടൻചേന, കൂട്ട് കറിക്ക് വേണ്ട നാടൻ നേന്ത്രക്കായ എന്നു തുടങ്ങി വിപണിയിലെ എല്ലാത്തരം പച്ചക്കറികളും കൗൺസിലറുടെ വീട്ടമുറ്റത്ത് ഒരു ഉത്സവച്ചന്തമാണ് സൃഷ്ടിക്കുന്നത്. തന്റെ വാർഡിലെ എല്ലാ വീടുകളിലേക്കും ഓണസദ്യക്കുള്ള പച്ചക്കറി എത്തിക്കുന്ന തിരക്കിലാണ് നഗരസഭാ നിടിയേങ്ങ വാർഡ് കൗൺസിലർ കെ.വി. കുഞ്ഞിരാമൻ.
ഉത്രാടത്തിന് മുന്പായി പച്ചക്കറികൾ തന്റെ വാർഡിലെ മുഴുവൻ വീടുകളിലും പാക്കറ്റുകളിലാക്കി എത്തിച്ചു കഴിഞ്ഞു. അധ്യാപകനായിരുന്ന അദ്ദേഹത്തിന് വാർഡ് വികസന സമിതി അംഗങ്ങളും സഹപ്രവർത്തകരും കൂടി പിന്തുണ നൽകിയപ്പോൾ സാധാരണക്കാരന്റെ ഓണാഘോഷത്തിന് വലിയ ഒരു ചേർത്തു നിർത്തൽ കൂടിയാണ് കൗൺസിലറുടെ ഈ ഇടപെടൽ.
പച്ചക്കറികൾക്കെല്ലാം പൊള്ളുന്ന വിലയാണെങ്കിലും, നേന്ത്രവാഴയും, ചേനയും എല്ലാം ഇവരുടെ കൂട്ടായ കൃഷിയിൽ നിന്ന് ലഭിച്ച ഉത്പന്നമാണ്. ഇതിനായി ഒന്നര ഏക്കറോളം കൃഷി ഇവർ ഇറക്കി, തൊഴിലുറപ്പ് തൊഴിലാളികളും കൈമെയ് മറന്ന് അധ്വാനിച്ചാണ് കൃഷി ചെയ്തത്. വാർഡിന് പുറത്തുള്ള രണ്ട് തൊഴിലുറപ്പുകാർക്കും മാഷിന്റെ ഈ ഓണകിറ്റ് എത്തും. തികച്ചും ജൈവവളകൃഷിയിലൂടെ വിഷരഹിത നാടൻ ഇനങ്ങളാണ് ചേനയും, നേന്ത്രവാഴക്കായയും.
കൗൺസിലർക്ക് ലഭിക്കുന്ന ഓണറേറിയം അടക്കമുള്ള തുകയും മറ്റുള്ളവരുടെ സാമ്പത്തിക സഹായവും സ്വരൂപിച്ചാണ് കുഞ്ഞിരാമൻ ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. മുറ്റം നിറയെ മൈസൂരുവിൽ നിന്നും കുഞ്ഞിരാമൻ നേരിട്ട് ചെന്ന് സ്വരൂപിച്ചതാണ് പച്ചക്കറികൾ. പച്ചക്കറിക്കിറ്റുകളിലാക്കി വീടുകളിൽ വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന നിർവഹിച്ചു.