കണ്ണൂർ രാജ്യാന്തര വിമാനത്താവള വികസനം : "റൺവേ ദുരന്ത'ത്തിൽ മരണംകാത്ത് 200 കുടുംബങ്ങൾ
1589873
Monday, September 8, 2025 1:13 AM IST
സ്വന്തം ലേഖകൻ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കാതെ കിടക്കുന്നതിനാൽ ഇരുന്നൂറിലധികം കുടുംബങ്ങൾ ദുരിതത്തിൽ. കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കോളിപ്പാലം, നല്ലാണി ഭാഗങ്ങളിലായാണു കണ്ണൂർ വിമാനത്താവളത്തിലെ റൺവേ വികസിപ്പിക്കാൻ 245 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടത്. റൺവേ 3050 മീറ്ററിൽനിന്ന് 4000 ആക്കി വികസിപ്പിക്കുന്നതിനാണിത്. 2017ലാണ് റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത വർഷം വിജ്ഞാപനവും ഇറങ്ങി. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമില്ല.
സാമ്പത്തിക പ്രതിസന്ധിയിലുള്ള സർക്കാരിന് നഷ്ടപരിഹാരത്തിന് വേണ്ട വൻ തുക കണ്ടെത്താനുള്ള പ്രയാസമാണ് കാരണം. 942.63 കോടി രൂപയാണ് നഷ്ടപരിഹാരത്തിന് വേണ്ടി വരികയെന്നാണ് സർക്കാർ മുമ്പ് നിയമസഭയിൽ അറിയിച്ചത്. 162 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. സ്ഥലത്ത് വസ്തുവകകളുടെ മൂല്യനിർണയവും മറ്റും നടത്തിയെങ്കിലും സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന വിമാനത്താവളത്തിന് റൺവേ വികസിപ്പിക്കാൻ വീണ്ടും കോടികൾ ചെലവിടുന്നതിനെതിരെയും ചോദ്യങ്ങളുയരും.
പ്രതിഷേധങ്ങളും നിവേദനങ്ങളും
നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ പ്രതിഷേധങ്ങൾ നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നുവെങ്കിലും ഇതുവരെ കുടുംബത്തിന് നരകത്തിൽനിന്ന് കരകയറനായില്ല.
സ്ഥല ഉടമകൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് യോഗങ്ങൾ നടത്തിയും കണ്ണൂർ കളക്ടറേറ്റിലേക്കും മട്ടന്നൂരിലെ തഹസിൽദാരുടെ ഓഫീസിലേക്കുമടക്കം മാർച്ചും ധർണയും നടത്തിയെങ്കിലും ഇവരുടെ പ്രശ്നത്തിന് പരിഹാരമായില്ല. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാനാട് പ്രദേശത്തെത്തി കുടുംബങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയിരുന്നു. എന്നാൽ വർഷം എട്ടുകഴിഞ്ഞിട്ടും കുടുംബങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാത്തതിനാൽ കുടുംബം നിരാശയിലാണ്.
ലക്ഷ്യം
ഹബ് എയർപോർട്ട്
കണ്ണൂരിനെ ഹബ് എയർപോർട്ട് എന്ന നിലയിൽ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. വലിയ വിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുഗമമായി ലാൻഡ് ചെയ്യാൻ ഇതോടെ സാധിക്കും.
റൺവേ വികസനത്തോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി മാറാൻ കണ്ണൂരിന് സാധിക്കും. വിമാനത്താവളത്തിന്റെ നിർമാണം മുക്കാൽഭാഗത്തോളം പൂർത്തിയായ സമയത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ സംഘടിപ്പിച്ചിരുന്നു. റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. തുടർന്നാണ് റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കാൻ തീരുമാനമെടുത്തത്. എന്നാൽ വിമാനത്താവളം പ്രവർത്തനം തുടങ്ങി ഏഴുവർഷമാകാറായിട്ടും റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങാനായിട്ടില്ല.
പലായനത്തിന്റെ കഥ
വിമാനത്താവള പ്രദേശത്ത് നിന്ന് ഉരുൾപൊട്ടൽ കണക്കെ വെള്ളവും കല്ലും മറ്റും കുത്തിയൊഴുകി വന്നപ്പോൾ പ്രാണരക്ഷാർഥം വീടൊഴിഞ്ഞ് പോയ ആറു കുടുംബങ്ങളുണ്ട്. സ്വന്തം വീട്ടിൽനിന്ന് ഭീതിയോടും വേദനയോടും കൂടി ഒഴിഞ്ഞുപോയ പി.കെ. നാരായണിയമ്മയും തമ്പായിയമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. ആറുമാസത്തിനകം നഷ്ടപരിഹാരവും പുനരധിവാസവും ശരിയാക്കാമെന്നാണ് കളക്ടർ ഉൾപ്പടെയുള്ളവർ അന്ന് ഉറപ്പുനൽകിയത്. ഇവരുടെ വാക്കിന് യാതൊരു വിലയുമില്ലെന്ന് എട്ടുവർഷത്തിനിപ്പുറം ഈ വീട്ടുകാർ തിരിച്ചറിയുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ കണ്ട് നിവേദനം നൽകിയിട്ടും സമര പരമ്പരകൾ നടത്തിയിട്ടും അധികൃതർ കണ്ണുതുറന്നില്ല.
2017 മേയ് 21നാണ് വേനൽമഴയിൽ വൻതോതിൽ വെള്ളം കുത്തിയൊഴുകി വന്നത്. കീഴല്ലൂർ, കടാങ്ങോട്ട് ഭാഗങ്ങളിൽ ഉരുൾപൊട്ടലിനു സമാനമായ നാശനഷ്ടമുണ്ടായി. ഇവരുടെ വീടുകൾ താമസയോഗ്യമല്ലെന്ന് കണ്ടാണു മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. വാടകവീടുകളിലേക്കാണു പലരും മാറിയത്.
വിമാനത്താവള കമ്പനിയായ കിയാൽ വാടക നൽകണമെന്നും ധാരണയായിരുന്നു. എന്നാൽ എട്ടു മാസത്തോളം മാത്രമാണു വാടക ലഭിച്ചത്. പിന്നീട് അധികൃതരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
തങ്ങളെ ആരും തിരിഞ്ഞുനോക്കാനില്ലെന്നു മനസിലാക്കിയപ്പോൾ നാരായണിയമ്മ കാനാട്ടെ പഴയ വീട്ടിലേക്ക് തന്നെ താമസം മാറ്റി. ശോച്യാവസ്ഥയിലായ വീട് തത്ക്കാലം വൃത്തിയാക്കിയാണ് പ്രതിഷേധ സൂചകമായി ഇവിടേക്കു മാറിയത്.
സുരക്ഷാഭീഷണി കണക്കിലെടുത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉടനെത്തി ഇവരെ വീണ്ടും മാറ്റിപ്പാർപ്പിച്ചു. അമ്മ മരിച്ചപ്പോൾ മൃതദേഹം പോലും വീട്ടിലെത്തിക്കാൻ സാധിച്ചില്ലെന്ന് തമ്പായിയമ്മയുടെ മകൾ ഇ.കെ. ലേഖ കണ്ണീരോടെ പറയുന്നു. പ്രശ്ന പരിഹാരം തേടി ഇനി മുട്ടാത്ത വാതിലുകളില്ല. 245 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇവരോടൊപ്പം മാത്രമേ ഏഴു കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. ഇവരിൽ പലരുടെ വീടും തകർന്നുവീണു. വീടും സ്ഥലവും കാടുകയറി നശിക്കുന്നത് നിസഹായരായി നോക്കിനിൽക്കാൻ മാത്രമേ ഇവർക്ക് സാധിക്കുന്നുള്ളൂ.
പ്രേതാലയം പോലെ ഒരു പ്രദേശം
എട്ടുവർഷം വരെ ആൾപ്പാർപ്പും കൃഷിയുമൊക്കെ ഉണ്ടായിരുന്ന ഒരു മേഖല ഇന്ന് കാടുകയറിക്കിടക്കുകയാണ്. കാടുകൾക്കിടയിൽ പുരാവസ്തുക്കൾ പോലെ ജീർണിച്ച വീടുകൾ കാണാം. തമ്പായിയമ്മയുടെ വീട് ഏതാണ്ട് പൂർണമായും മണ്ണടിഞ്ഞുകഴിഞ്ഞു. തെങ്ങും കവുങ്ങുമുൾപ്പടെ ധാരാളം കൃഷിയുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ചെളിയും വെള്ളവും കയറി ചതുപ്പുനിലത്തിനു സമാനമായിക്കിടക്കുന്നു. തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങി. വിമാനത്താവള പ്രദേശത്ത് നിന്നു വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട തോടും ഇവിടെ കാണാം.
12 ലധികം വീട്ടുകാർ താമസിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ കെ. വിജയനും ഭാര്യയും മാത്രമാണുള്ളത്. അസുഖമായാൽ വിളിച്ചാൽ പോലും ആരും എത്താനില്ലാത്ത മേഖലയിലാണ് ഇദ്ദേഹം ഒറ്റയ്ക്ക് കഴിയുന്നതെന്നു നാട്ടുകാർ പറയുന്നു.
എന്നാൽ മാറിത്താമസിക്കാനില്ലെന്നും എല്ലാറ്റിനും സാക്ഷിയായി താൻ ഇവിടെ വേണമെന്നുമാണ് വിജയൻ പറയുന്നത്. ജീർണിച്ച വീടുകളിൽനിന്ന് വിലപിടിപ്പുള്ള കതകുകളും വാതിലുകളും മറ്റും ചിലർ കൊണ്ടുപോയി. സർക്കാരിന്റെ അവഗണനയുടെ ബാക്കിപത്രമായി പ്രേതാലയം പോലെ കിടക്കുകയാണ് കാനാട് കോളിപ്പാലം ഭാഗത്തെ ഈ പ്രദേശം. നൂറുകണക്കിന് അടി ഉയരത്തിൽ മണ്ണിട്ട് ഉയർത്തി നിർമിച്ചിട്ടുള്ള വിമാനത്താവള റൺവേക്ക് തൊട്ടുതാഴെ വരുന്ന സ്ഥലമാണിത്.
ദുരിതജീവിതങ്ങൾ
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നു മാറിത്താമസിക്കാനാണ് കാനാട്ടെ റസിയ എട്ടുവർഷം മുമ്പ് വീടിന്റെ പണി തുടങ്ങിയത്. തറ കെട്ടിയപ്പോഴേക്കും സ്ഥലം വിമാനത്താവള റൺവേ വികസനത്തിന് ഏറ്റെടുത്ത് സർക്കാർ വിജ്ഞാപനമിറക്കി. ബാക്കിയുള്ള നിർമാണത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
തറ കെട്ടാൻ ചെലവാക്കിയ പണം പോലും നഷ്ടമായ അവസ്ഥയാണ്.
പല തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ മാത്രമേ രക്ഷയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. വീടിനായി കെട്ടിയ തറ കാടുകയറുമ്പോൾ ചോർന്നാലിക്കുന്ന ഒറ്റനില വീട്ടിൽ കഴിയേണ്ട ഗതികേടിലാണ് റസിയയും കുടുംബവും.